മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഫ്ലൈറ്റ് കാലിബ്രേഷൻ വിജയകരമായി പൂർത്തിയാക്കി. വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം, ഡോപ്ലർ ഓമ്നി റേഞ്ച്, ഡിസ്റ്റൻസ് മെഷറിംഗ് എക്യുപ്മെന്റ്, പ്രിസിഷൻ അപ്രോച്ച് പാത്ത് ഇൻഡിക്കേറ്റർ എന്നീ നാവിഗേഷൻ സംവിധാനങ്ങളുടെ കാലിബ്രേഷനാണ് നടത്തിയത്. ആറു മാസത്തിലൊരിക്കൽ കാലിബ്രേഷൻ നടത്തേണ്ടതുണ്ട്.
എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഡൽഹിയിലെ ഫ്ലൈറ്റ് ഇൻസ്പെക്ഷൻ യൂണിറ്റിൽ നിന്നുള്ള ബീച്ച്ക്രാഫ്റ്റ് 350 കാലിബ്രേഷൻ വിമാനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കൊച്ചിയിൽനിന്ന് കണ്ണൂരിലെത്തി. കാലിബ്രേഷൻ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം വിമാനം ഹുബ്ലിയിലേക്ക് പോയി. പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ഐഎൽഎസ് സംവിധാനത്തിലെ ഗ്ലൈഡ് പാത്ത്, ലോക്കലൈസർ എന്നിവയുടെ സിഗ്നൽ കൃത്യതയും പ്രവർത്തനക്ഷമതയും പരിശോധിച്ചു.
ക്യാപ്റ്റൻ അനൂപ് കച്ചാറു ആണ് വിമാനം പറത്തിയത്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കമ്യൂണിക്കേഷൻ, നാവിഗേഷൻ ആൻഡ് സർവൈലൻസ് (സിഎൻഎസ്) വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജർ മോഹിത്ത് കാന്ത് ശർമ വിമാനത്തിനുള്ളിൽ നിന്ന് കാലിബ്രേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. വിമാനത്താവളത്തിലെ എഎഐ ഓഫിസർ ഇൻ ചാർജ് സാബു പി. നീലാണ്ടന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീലേഷ് ശ്രീധരൻ, അസി. ജനറൽ മാനേജർമാരായ ജോൺസൺ ജോസഫ്, കെ.ബി. രഞ്ജിത്, മാനേജർമാരായ വി.കെ. രാഹുൽ, എൻ.പി. മൻസൂർ, ഐ. ബിജു എന്നിവർ പങ്കെടുത്തു.