പൈസക്കരി: തകർന്നുകിടക്കുന്ന പഴക്കമുള്ള പാലത്തിന് പകരം പുതിയ പാലമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തോടുള്ള അവഗണന തുടരുന്നു. കാലപ്പഴക്കം കാരണമുള്ള അപകടാവസ്ഥയ്ക്കൊപ്പം ഇക്കഴിഞ്ഞ പ്രളയത്തിൽ കൈവരികളും അടിത്തറയുടെ കൽക്കെട്ടും ഇടിഞ്ഞതോടെ ഏതു സമയവും പാലം തകർന്നു വീണേക്കാമെന്ന അവസ്ഥയിലാണ്. പയ്യാവൂർ-ഏരുവേശി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന മാർഗമാണ് വണ്ണായിക്കടവ് പാലം. വഞ്ചിയം, ചന്ദനക്കാംപാറ ചീത്തപ്പാറ, പൈസക്കരി, കുന്നത്തൂർ, കാഞ്ഞിരക്കൊല്ലി ഭാഗത്തുളളവർക്ക് നെല്ലിക്കുറ്റി, ചെമ്പേരി, ആലക്കോട് ഭാഗത്തേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പവഴിയും കൂടിയാണിത്. ഇവിടെ പുതിയ പാലം നിർമിക്കുമെന്ന പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും സർക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടില്ല.
കുടിയേറ്റ ജനതയുടെ ഒറ്റക്കെട്ടായ പ്രതിഷേധത്തിന്റെ ഭാഗമായി 1982ലാണ് വണ്ണായികടവിൽ ഒന്നരലക്ഷത്തിലധികം രൂപാ ചെലവിൽ ക്രോസ് വേ പാലം പണിതത്. 2006ലും 2018ലും 2019ലും ഉണ്ടായ പ്രളയത്തിൽ ഉരുൾപൊട്ടി വരുന്ന മലവെള്ളപ്പാച്ചിലിൽ മരത്തടികൾ പാലത്തിൽ ഇടിച്ച് കൈവരികൾ തകരുകയായിരുന്നു. അറ്റകുറ്റപണി നടത്തുമെന്ന പ്രഖ്യാപനങ്ങളും നടപ്പായില്ല. ഒടുവിൽ പാലം കടക്കേണ്ട നാട്ടുകാർ തന്നെ മുള കൊണ്ട് കൈവരി തീർത്ത് താത്കാലിക സുരക്ഷയൊരുക്കുകയായിരുന്നു. ഇത്തവണത്തെ പ്രളയത്തിൽ പാലം തകരുകയും ചെയ്തു. ഈ പുഴയുടെ ഭാഗമായ കാലിക്കണ്ടിയിലും കരിമ്പക്കണ്ടിയിലും പുതിയപാലം വന്നിട്ടും ഇവിടെ പുതിയ പാലം പദ്ധതി ആരംഭിക്കാത്തതെന്താണെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
പാലത്തിന്റെ ഇരുവശങ്ങളിലെയും കൽകെട്ടുകൽ തകർന്ന നിലയിലാണ്. നിലവിൽ അപകടഭീഷണി നേരിടുന്പോഴും മറ്റു വഴികളില്ലാത്തതിനാൽ ചെറിയ വാഹനങ്ങൾ ഇതിലൂടെ തന്നെയാണ് കടന്നുപോകുന്നത്. ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിൽ പ്രവേശിച്ചാൽ അപകടം ഉറപ്പാണെന്നതിനാൽ കളക്ടറുടെ നിർദേശപ്രകാരം പാലത്തിന്റെ ഇരുവശങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നബാർഡ് ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചിരുന്നു.