പത്തനംതിട്ട : ഫണ്ടിന്റെ അപര്യാപ്തതമൂലം ശബരിമല സേഫ് സോൺ പദ്ധതി പാളുന്നു. ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടന കാലത്ത് ഭക്തരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പും കേരള റോഡ് സേഫ്റ്റി അഥോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന സേഫ് സോൺ പദ്ധതി 18 വർഷമായി നടപ്പാക്കി വരുന്നതാണ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ശബരിമലയിലേക്കുള്ള പ്രധാന പാതകളിൽ വാഹനാപകടങ്ങൾ കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എന്നാൽ
ഫണ്ട് ലഭ്യതയിലെ പ്രതിസന്ധി പദ്ധതി നടത്തിപ്പിനെ തുടക്കത്തിൽത്തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷവും സേഫ്സോൺ പദ്ധതിയിലേക്ക് നാമമാത്രമായ തുകയാണ് നൽകിയത്. ഇതോടെയാണ് കുടിശികയായത്. പദ്ധതിയിൽ കൂടുതൽ പാതകൾ ഏറ്റെടുക്കാനുമായില്ല.
കേരള റോഡ് സേഫ്റ്റി അഥോറിറ്റിയിൽനിന്ന് പദ്ധതിക്കായി ലഭിക്കേണ്ട ഏകദേശം 1.5 കോടി രൂപയുടെ പ്രോജക്ട് ഫണ്ട് ഇതേവരെ കൈമാറിയിട്ടില്ല. ഇതു പട്രോളിംഗ് വാഹനങ്ങൾക്കുള്ള ഡീസൽ, ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം എന്നിവയ്ക്കു തടസം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ.
ഇപ്പോൾ ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഫണ്ടിൽനിന്ന് എംവിഡി ജീവനക്കാരുടെ ഭക്ഷണ അലവൻസിനായി അഞ്ചു ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. കൂടാതെ മുൻവർഷം ക്രെയിൻ ഓപ്പറേറ്റർക്ക് നൽകാനുണ്ടായിരുന്ന 5,40,000 രൂപയുടെ കുടിശികയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലെ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയമിച്ച് ഇവരെ ഉപയോഗിച്ചാണ് വാഹനങ്ങളിൽ പട്രോളിംഗ് നടത്തിവന്നത്.
24 മണിക്കൂറും പട്രോളിംഗ്
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പട്രോളിംഗ് നടത്തി തീർഥാടന പാതകളിലെ അപകടങ്ങൾ ഒഴിവാക്കുകയായിരുന്നു സേഫ് സോൺ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇലവുങ്കൽ, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂമുകൾ തുറന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. കൺട്രോൾ റൂമുകളിൽ പ്രധാന പാതകളിലെ തിരക്ക്, അപകടങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. പട്രോളിംഗ് സ്ക്വാഡുകൾ രാപകൽ നിരീക്ഷണം നടത്തുന്നതിനൊപ്പം യാത്രാമധ്യേ വാഹനങ്ങൾ കേടായാലോ അപകടത്തിൽപ്പെട്ടാലോ ഉടൻ സഹായമെത്തിക്കാൻ റിക്കവറി വാനുകൾ, ക്രെയിനുകൾ, മൊബൈൽ വർക്ക്ഷോപ്പ് എന്നിവ പദ്ധതിയുടെ ഭാഗമായി സജമാക്കിയിരുന്നു.
ചുരം റോഡുകളിലെ അപകടമേഖലകളെക്കുറിച്ച് ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകുകയും രാത്രികാലങ്ങളിൽ ഡ്രൈവർമാരുടെ ഉറക്കം ഒഴിവാക്കാൻ കട്ടൻചായയും ലഘുഭക്ഷണവും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഡിജിറ്റൽ മാർഗനിർദേശങ്ങൾ
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അപകടമേഖലകൾ വ്യക്തമാക്കുന്ന വീഡിയോകളും യാത്രാ നിർദ്ദേശങ്ങൾ കോഡ് വഴി ലഭ്യമാക്കുന്ന പദ്ധതിക്കും മോട്ടോർ വാഹനവകുപ്പ് തുടക്കമിട്ടിട്ടുണ്ട്. വാഹന സംബന്ധമായ എന്ത് അടിയന്തര സഹായത്തിനും തീർഥാടകർക്ക് ബന്ധപ്പെടാനായി പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും ഇ-മെയി
തീർഥാടനകാലത്ത് എല്ലാ ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പ്
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കും.
റെയിൽവേ ബോർഡ് മെംബർ (ഓപറേഷൻസ് ആൻഡ് ബിഡി) ഹരി ശങ്കർ വർമയുമായി ആന്റോ ആന്റണി എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.
ഇതുസംബന്ധിച്ചുള്ള ഉത്തരവ് റെയിൽവേ എത്രയും പെട്ടെന്ന് പുറപ്പെടുവിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിൽക്കൂടി കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്നതു സംബന്ധിച്ച് തന്റെ ആവശ്യം തീർഥാടന കാലയളവിനു ശേഷവും തുടരണമെന്നും വലിയ തോതിലുള്ള യാത്രാതിരക്കും മതപരമായ പ്രാധാന്യവും കണക്കിലെടുത്ത്, തിരുവല്ല റെയിൽവേ സ്റ്റേഷനെ ഒരു പ്രധാന തീർഥാടന റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കണമെന്നും ആന്റോ ആന്റണി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പമ്പയില്‍ കളക്ഷന്‍ കൗണ്ടര്‍
പത്തനംതിട്ട: ശബരിമല തീർഥടന പാതയും പരിസരവും പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മലം ശബരിമല പദ്ധതിയുടെ ഭാഗമായി പമ്പയില്‍ പ്ലാസ്റ്റിക് കളക്ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു.
പമ്പയില്‍നിന്നു സന്നിധാനത്തേക്കുള്ള തീർഥാടന പാതയിലെ ചെക്കിംഗ് പോയിന്റിനു സമീപം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിന്റെ ഉദ്ഘാടനം ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര നിര്‍വഹിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.എസ്. സുരേഷ് ബാബു മുഖ്യാതിഥിയായിരുന്നു. വനം വകുപ്പിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തരുടെ കൈവശമുള്ള പ്ലാസ്റ്റിക് കവറുകളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും വനമേഖലയിലേക്ക് എത്തുന്നത് തടയുകയാണ് കൗണ്ടറിന്റെ പ്രധാന ലക്ഷ്യം. ഇവിടെയെത്തുന്ന ഭക്തരില്‍നിന്നു പ്ലാസ്റ്റിക് കവറുകള്‍ ശേഖരിക്കുകയും പകരം പരിസ്ഥിതി സൗഹൃദമായ തുണിസഞ്ചികള്‍ സൗജന്യമായി നല്‍കുകയും ചെയ്യും.
ചടങ്ങില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് അതുല്‍ എസ്. നാഥ്, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. വിനീത്, പമ്പ റേഞ്ച് ഓഫീസര്‍ മുകേഷ്, ശുചിത്വ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.