അടൂർ: നിർദിഷ്ട ശബരി വിമാനത്താവളം സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ റവന്യു ഭൂമിയിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാന്റേഷൻ മേഖലയിലേക്ക് ജനകീയ മുന്നേറ്റ യാത്ര നടത്തി. സി.വി. ശാന്തകുമാർ എംഎൽഎയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
പ്ലാന്റേഷൻ മേഖലയിലെ ഭൂമിയിൽ വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് എംഎൽഎ അറിയിച്ചു. ആരെയും കുടിയൊഴിപ്പിക്കേണ്ടതില്ലാത്തതും പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതുമായ പ്രദേശമാണിത്. പ്രവാസികൾ കൂടുതലുള്ളതും നിരവധി ടൗൺഷിപ്പുകളുള്ളതുമായ പത്തനംതിട്ട തീർഥാടന ജില്ല കൂടിയാണ്. നിയമക്കുരുക്കുകളില്ലാത്ത ഭൂമിയായതിനാൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും വന്യജീവികൾക്ക് ദോഷം സംഭവിക്കാത്ത ഭൂമി പദ്ധതിക്കായി പരിഗണിക്കണമെന്നും എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പറഞ്ഞു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതാദേവി, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് കുഴിവേലിൽ, ഡിസിസി സെക്രട്ടറി ബിജു വർഗീസ്, പന്തളം ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. വിജയൻ നായർ, പഞ്ചായത്ത് അംഗങ്ങളായ ഐക്കര ഉണ്ണികൃഷ്ണൻ, ലിസി ലാൽജി, മോഹൻകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജി. അനിൽകുമാർ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജോൺസൺ കുളത്തുംകരോട്ട്, ആർ. പത്മകുമാർ, ടി. തുളസീധരൻ, വി.കെ. സ്റ്റാൻലി, വിനോദ് വാസുക്കുറുപ്പ്, ഗോപിനാഥ പിള്ള, മണി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.