തൃശൂർ: ചലിക്കുന്ന കണ്ണുകളുമായി കഥകളി പച്ചവേഷത്തിന്റെ കേക്ക് ഒരുക്കിയ തൃശൂർക്കാരിക്കു ലോക റിക്കാർഡ്. പൂനെയിൽ താമസിക്കുന്ന തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബാബു പഴയാറ്റിലിന്റെയും മേഴ്സിയുടെയും മകൾ അഞ്ജു അലൻ ഒരുക്കിയ കേക്കാണ് വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയത്. പൂനെയിലെ ഓർക്കിഡ് ഹോട്ടലിൽ നടന്ന അഖിലേന്ത്യാ കേക്ക് മേളയിൽ വൈവിധ്യ രൂപകൽപനകളോടെ 455 കേക്കുകളും കുക്കീസും ഒരുക്കി പ്രദർശിപ്പിച്ച അഞ്ജു അടക്കം 37 കേക്ക് ആർട്ടിസ്റ്റുകളാണ് വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയത്. 28 സംസ്ഥാനങ്ങളുടെയും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളുടേയും സാംസ്കാരിക പാരന്പര്യം പ്രമേയമാക്കിയാണ് കേക്കുകളും ബിസ്കറ്റുകളും ഒരുക്കിയത്.
കേരളത്തിന്റെ തനതുകലാരൂപമായ കഥകളി പച്ചവേഷമാണു ഐസിംഗിന്റെ ശിൽപചാരുതയിൽ അഞ്ജു അലൻ തയാറാക്കിയത്. മൂന്നടി ഉയരവും രണ്ടടി വീതിയുമുള്ള ഈ കഥകളി കേക്കിലെ ചലിക്കുന്ന കണ്ണുകളാണ് ഏവരെയും വിസ്മയിപ്പിച്ചത്. ത്രീഡി പ്രിന്റിംഗിന്റെയും ചിപ്പിന്റെയും സഹായത്തോടെ കഥകളിസംഗീതംകൂടി ചേർത്താണു കേക്ക് നിർമിച്ചത്. പൂനെയിലെ ദ ബേക്കിംഗ് പ്രൊജക്ട് 2.0 കേക്ക് സ്റ്റുഡിയോയുടെ സ്ഥാപകയാണ് അഞ്ജു. എറണാകുളം സ്വദേശിയായ അലൻ ടിറ്റോയാണു ഭർത്താവ്.
ഷെഫ് പ്രാചി ദാബൽദേബിന്റെ നേതൃത്വത്തിലാണ് ഈ ലോക റിക്കാർഡ് യജ്ഞം ഒരുക്കിയത്. അഞ്ജുവിനൊപ്പം മൂന്നു മലയാളികൾകൂടി ഈ യജ്ഞത്തിൽ ലോക റിക്കാർഡിട്ടു. എൽസ റോയ്സ്, റോഷ്നി ശുക്ല, ലുബ്ന ഗഫൂർ എന്നിവരാണിവർ. യുകെയിലെ വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സ് ഡയറക്ടർ ഡോ. സുചിത ശുക്ലയുടേയും പൂനെ കോർപറേഷൻ അധികാരികളുടെയും സാന്നിധ്യത്തിലായിരുന്നു ലോക റിക്കാർഡിട്ട പ്രദർശനം.