തൊടുപുഴ: കുമാരമംഗലം പീഡനത്തില്‍ വിചാരണ പൂര്‍ത്തിയായ ആറാമത്തെ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. ഒന്നാം പ്രതി കുമാരമംഗലം മംഗലത്ത് രഘു(ബേബി-56)വിന് 30 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം 27 മാസം അധിക തടവും രണ്ടാം പ്രതി കാരിക്കോട് ഇടവെട്ടി വലിയജാരം പൊക്കളത്ത് ബിനു ബഷീറിന് (46) 25 വര്‍ഷം കഠിന തടവും 95,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 11 മാസവും അധികതടവും തൊടുപുഴ പോക്സോ സെഷന്‍സ് കോടതി ജഡ്ജി ആഷ് കെ. ബാല്‍ വിധിച്ചു.
അതിജീവിതയ്ക്കു നാലു ലക്ഷം രൂപ നഷ്ടപരിഹാരം വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്നു നല്‍കണമെന്നും ഉത്തരവായി.
ഒന്നാം പ്രതി രഘു ഇടനിലക്കാരനായിനിന്ന് മാതാവിന്റെ ഒത്താശയോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി രണ്ടാം പ്രതിക്കു കൈമാറുകയായിരുന്നു. രണ്ടാം പ്രതി ബിനു ബഷീര്‍ പെണ്‍കുട്ടിക്കു വാഗമണിലെ റിസോര്‍ട്ടില്‍ ശുചീകരണ ജോലി വാങ്ങി നല്‍കാമെന്നു പ്രലോഭിപ്പിച്ച് റിസോര്‍ട്ടിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
ഇതേ അതിജീവിതയുമായി മറ്റൊരു കേസില്‍ 25 വര്‍ഷം ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി രഘു വിയ്യൂര്‍ ജയിലില്‍ നിലവില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ഇയാള്‍ക്കെതിരേ സമാനമായ 20 കേസുകളില്‍കൂടി ഇനി വിധി വരാനുണ്ട്. കേസിലെ അതിജീവിത ലൈംഗിക കുറ്റകൃത്യത്തിന് ഇരയായ സംഭവത്തില്‍ തൊടുപുഴ പോലീസ് 28 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 25 കേസുകളിലാണ് തൊടുപുഴ പോക്സോ കോടതിയില്‍ വിചാരണ നടന്നു വരുന്നത്.
ഇനി 19 കേസുകളില്‍കൂടി വിധി വരാനുണ്ട്. അതിജീവിതയുടെ മാതാവ് പ്രതിയായ ഈ കേസ് ഉള്‍പ്പടെ ഏഴ് കേസുകളാണുള്ളത്. അതിജീവിതയുടെ മാതാവ് വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു. മറ്റൊരു പ്രതി പാലാ കുറിഞ്ഞി കോഡൂര്‍ തങ്കച്ചന് ജീവനൊടുക്കിയിരുന്നു.
2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ പീഡനം നടന്നതായാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് പീഡന വിവരം പുറത്തായത്. തൊടുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സിസ് പയസ്, അഡ്വ. ആന്‍സി ഫിലിപ്പ് എന്നിവര്‍ ഹാജരായി.
പ്രതികള്‍ക്കെതിരേ ഗുരുതര കുറ്റകൃത്യങ്ങളായ മനുഷ്യക്കടത്ത്, അതിജീവിതയെ ലൈംഗിക ചൂഷണം ചെയ്യുക, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ലൈംഗികാവശ്യത്തിനായി പണം വാങ്ങി വില്‍ക്കുക , ബലാത്സംഗം, പോക്സോ നിയമപ്രകാരമുള്ള ലൈംഗികപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തതായി സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചു.
പ്രോസിക്യൂഷന് ലെയ്സണ്‍ സഹായികളായി സബ് ഇന്‍സ്പെക്ടര്‍ വി.സി. അജിലാല്‍, സിപിഒമാരായ നീതു കൃഷ്ണന്, പി.കെ. ജനില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് അയച്ചു.