കൊച്ചി: സഭയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ആത്മാർഥമായും സത്യസന്ധമായും ശരിയായും ചെയ്യുന്നതിനൊപ്പം അങ്ങനെ ചെയ്യുന്നുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും കഴിയണമെന്ന് എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ വാർഷികയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ടു ജീവിക്കുന്ന വയോജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കരുതലോടെ സഹായിക്കുവാൻ സാമൂഹ്യപ്രവർത്തകർ കൂടുതലായി ഇടപെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാവർക്കും വാസയോഗ്യമായ ഭവനം ഉറപ്പാക്കി ഭവനരഹിതരില്ലാത്ത നാടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് അതിരൂപത. വയനാട് ചൂരൽമല ദുരന്തബാധിതർക്കായി പുതിയ ഭവനങ്ങൾ അതിരൂപതയിലെ ഇടവകകളുടെ സഹകരണത്തോടെ വളരെ വേഗത്തിൽ നിർമിച്ചു കൈമാറാൻ സഹൃദയയ്ക്ക് സാധിച്ചത് അഭിമാനകരമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
പുതിയ വർഷത്തെ സഹൃദയ ഡയറിയുടെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഐക്കോ ഡയറക്ടർ ഫാ. ആന്റോ ചേരാന്തുരുത്തി, ചാൻസലർ ഫാ. ആന്റണി വാഴക്കാല, സഹൃദയ ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, ജോയിന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഷൈജു ആന്റണി, അഡ്വ. ചാർളി പോൾ, ഡോ. കെ.വി. റീത്താമ്മ, സെറിൻ ഫിലിപ്പ്, റിട്ട. ജസ്റ്റിസ് ഏബ്രഹാം മാത്യു, മിനി പോൾ, ഫാ. ആന്റണി പരവര തുടങ്ങിയവർ പ്രസംഗിച്ചു.