തൊടുപുഴ: ന്യൂമാനിലെ പൂര്‍വവിദ്യാര്‍ഥിയായ മന്ത്രി സണ്ണി ജോസഫിന് കോളജില്‍ നല്കിയ സ്വീകരണം ഗതകാല ഓര്‍മകള്‍ ഉണര്‍ത്തുന്നതായി. മന്ത്രി പദവി ലഭിച്ചതിനുശേഷം ആദ്യമായി കോളജിലെത്തിയതായിരുന്നു അദ്ദേഹം. പിഡിസി, ഡിഗ്രി പഠനം കോളജിലായിരുന്നു.
കോളജിലെത്തിയ മന്ത്രിയെ മാനേജ്മെന്റ് പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് എന്‍സിസി കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണറോടെ സ്വീകരിച്ചു. ചടങ്ങില്‍ മന്ത്രി തന്റെ കോളജ് ജീവിതാനുഭവം പങ്കുവച്ചു. ഇവിടത്തെ പഠനവും പരിശീലനവുമാണ് ജീവിതവളര്‍ച്ചയ്ക്കു ചാലുകീറിയതെന്നും അതില്‍ തികഞ്ഞ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച കോളജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജെന്നി കെ. അലക്സ്, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. ബിജു പീറ്റര്‍, ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, കോളജ് ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി, കോളജ് യൂണിയന് ചെയര്മാന് അരവിന്ദ് കൃഷ്ണ, ഡോ. സേവ്യര്‍ കുര്യന്, പൂര്‍വവിദ്യാര്‍ഥിയും ജില്ലാ പഞ്ചായത്തംഗവുമായ മനോജ് കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
ഈ വര്‍ഷത്തെ ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റായി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ മരിയ ഏബ്രഹാം മന്ത്രിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
റാങ്ക് ജേതാക്കള്‍, റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്ത എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് വോളന്റിയര്‍, ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍ എന്നിവര്‍ മന്ത്രിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.