മുഹമ്മ: വേമ്പനാട്ടുകായലിൽ പാതിരാമണൽ ദ്വീപിന് സമീപം നടക്കുന്ന മണൽ ഖനനം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ. ദേശീയപാതയുടെ നിർമാണാവിശ്യത്തിനായി നടത്തുന്ന ഖനനം കായലിന്റെ ആവാസവ്യവസ്ഥയ്ക്ക്ഭീഷണിയായി മാറുകയാണ്.മണൽലോറികൾ നിരന്തരം ഓടുന്നതിനാൽ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി മാറുകയാണ്.
ജപ്പാൻ പദ്ധതിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നതും മതിലുകൾക്കും വീടുകൾക്കും ക്ഷതമേൽക്കുന്നതും റോഡുകൾ പൊടിപടലത്തിൽ മൂടുന്നതും ജനജീവിതം ദുസഹമാക്കുന്നു.
ദിവസം നൂറു കണക്കിന് ടോറസുകളാണ് മണലുമായി കടന്നുപോകുന്നത്. ഖനനമേഖല മുതൽ തോട്ടുമുഖപ്പിൽ പാലം വരെ റോഡ് പൂർണമായും തകർന്നിരിക്കയാണ്. കായിപ്പുറം ജംഗ്ഷന് കിഴക്ക് ഭാഗത്ത് റോഡിലെ കലുങ്ക് ഇടിഞ്ഞ് വൻ കുഴി രൂപപ്പെട്ടിട്ടുണ്ട്.
കായിപ്പുറം ജംഗ്ഷനിൽ റോഡ് ഇടിഞ്ഞ് വിള്ളലുകൾ വീണിട്ടുണ്ട്. ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതികൾ മെനയുന്ന പാതിരാമണൽ ദ്വീപിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ലെന്ന വ്യവസ്ഥ കാറ്റിൽ പറത്തിയാണ് ഖനനം നടക്കുന്നത്. ആദ്യം ഒരു ഡ്രഡ്ജർ ആണ് ഉണ്ടായിരിന്നത്. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മറ്റൊരു വലിയ ഡ്രജർ കൂടി കൊണ്ടുവന്നത്.
ഇക്കോടൂറിസം പദ്ധതിക്കായി അണിഞ്ഞൊരുങ്ങുന്ന പാതിരാമണൽ ദ്വീപിന് സമീപം ഖനനം പാടില്ലെന്ന് പറഞ്ഞ് നാട്ടുകാർ രംഗത്ത് വന്നെങ്കിലും അധികൃതർ പാടെ അവഗണിച്ചു. രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും സ്വീകരിക്കുന്ന ദുരൂഹമൗനവും ജനത്തെ വെട്ടിലാക്കുന്നു.
സമീപ മേഖലയായ കണ്ണങ്കരയിൽ ഖനനത്തിനെതിരെ രംഗത്ത് വന്നവരെ പൊലിസ് അറസ്റ്റ് ചെയ്തിരിന്നു. ഇതേ തുടർന്ന് കെ.സി. വേണുഗോപാൽ എംപി ഇടപെടുകയും ഖനനം നിർത്താൻ ജില്ലാ കളക്ടർ നിർദ്ദേശിക്കുകയുമായിരുന്നു.
കായിപ്പുറം ജംഗ്ഷൻ മുതൽ ദ്വീപിന്റെ മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടി വരെ ദേശീയ പാത മോഡലിൽ നിർമിച്ച റോഡ് പല ഭാഗങ്ങളിലും തകർന്നിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ കാൽനടയാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ റോഡ് തകരും. റോഡിലാകെ മണൽ നിക്ഷേപമുള്ളതിനാൽ പൊടിപടലത്തിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയുണ്ടാകും.
പാതിരാമണൽ ഫെസ്റ്റിന്റെ നിറം കെടുത്താൻ ഇത് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. ഖനനം മത്സ്യമേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഉപജീവനത്തിന് ദിവസവും കായലിൽ പോകുന്ന ആയിരക്കണക്കിനാളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലായത്. ദിവസവും 15 മുതൽ 20 കിലോ വരെ കക്കായിറച്ചി വിറ്റിരിന്ന തൊഴിലാളിക്ക് ഇന്ന് അഞ്ച് കിലോ പോലും കിട്ടുന്നില്ല. തീരത്ത് നിന്ന് വിളിപ്പാടകലെ വരെ വള്ളത്തിൽ പോയി കക്കാ വാരിയിരിന്നവർ ഇന്ന് കിലോമീറ്ററുകളോളം ഉള്ളിലേക്ക് പോയാണ് കക്കാ വാരുന്നത്.
പതിറ്റാണ്ടുകൾക്ക് മുൻപ് ദ്വീപിന് സമീപം ഡ്രഡ്ജർ ഉപയോഗിച്ച് നടന്ന ഖനനമാണ് ദ്വീപിന്റെ വിസ്തൃതി ഗണ്യമായി കുറച്ചത്. ഇപ്പോൾ നടക്കുന്ന ഖനനം കഴിയുമ്പോൾ ദ്വീപ് ബാക്കിയുണ്ടാകുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.