പറവൂർ: പോക്സോ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണയ്ക്കെത്തിയ പരാതിക്കാരനെ പ്രതിയുടെ പിതാവ് ഭീഷണിപ്പെടുത്തി. സംഭവത്തിൽ പോക്സോ പ്രതിയായ മലപ്പുറം പൊന്നാനി ആലിങ്കൽ ഖലീലിന്റെ പിതാവ് ഹനീഫയെ പൊലിസ് അറസ്റ്റ് ചെയ്തു.
18ന് രാവിലെ 9.45ന് പറവൂർ പോക്സോ കോടതിയിൽ പരാതിക്കാരൻ എത്തിയപ്പോഴായിരുന്നു സംഭവം. ഹനീഫ പരാതിക്കാരനെ സമീപിച്ചു പ്രതിയായ ഖലീലിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാതിരുന്ന പരാതിക്കാരൻ കുറ്റം ചെയ്തയാൾ ശിക്ഷിക്കപ്പെടണമെന്നു പറഞ്ഞതോടെ പ്രകോപിതനായ ഹനീഫ തന്റെ മകൻ ജയിലിൽ നിന്നിറങ്ങട്ടെ, നിന്നെ ശരിയാക്കിത്തരാമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. അറസ്റ്റിലായ ഹനീഫയെ കോടതി റിമാൻഡ് ചെയ്തു.