നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പിജി വനിതാ ഡോക്ടറെ സ്വകാര്യ പ്രാക്ടീസ് മുറിയിൽ വിളിച്ചു വരുത്തി ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്ന പരാതിയിൽ സീനിയർ ഡോക്ടറെ റിമാൻഡ് ചെയ്തു. ജില്ലാ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. ബിനുവി(51)നെയാണ് നെടുമങ്ങാട് പൊലിസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
പിജി ഡോക്ടറുടെ ദേഹത്തെ മുഴ പരിശോധിക്കാനായി പ്രാക്ടീസ് മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരിന്നുവെന്നാണു പരാതി. എന്നാൽ ആരോപണം ഡോ. ബിനു നിഷേധിച്ചു. ഡോക്ടറെന്ന നിലയിലുള്ള ദേഹപരിശോധന മാത്രമാണ് നടത്തിയതെന്നാണ് ഡോ. ബിനുവിന്റെ നിലപാട്. വെള്ളിയാഴ്ച രാത്രി കുമാരപുരത്ത് നിന്നാണ് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്. നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ ഡോ. ബിനുവിനെ സസ്പെൻഡ് ചെയ്തുകൊമ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. സമഗ്രമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന ജി.ആർ. അനിൽ എംഎൽഎയുടെ ആവശ്യം പരിഗണിച്ചാണ് നടപടി.