കാഞ്ഞങ്ങാട്: ആറു വര്‍ഷം മുന്‍പ് വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞിരുന്ന പോണ്ടിച്ചേരി സ്വദേശി വിജയകുമാറിന് (48) സ്നേഹാലയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഇടപെടലിലൂടെ സ്വന്തം കുടുംബത്തിലേക്ക് മടക്കം. പോണ്ടിച്ചേരിയിലെ പരേതനായ കോദണ്ഡപാണിയുടെ മകനായ വിജയകുമാറിനെ ഇന്നലെ സാമൂഹ്യപ്രവര്‍ത്തകന്‍ റിയാസ് പിലാത്തറ തമിഴ്നാട് പോണ്ടിച്ചേരിയിലുള്ള കുടുംബവീട്ടില്‍ എത്തിച്ചു.
മാനസിക നില തകരാറിലായി തെരുവില്‍ അലയുകയായിരുന്ന വിജയകുമാറിനെ 2026 ഏപ്രില്‍ 16നാണ് ചെറുപുഴ പൊലിസും റിയാസും ചേര്‍ന്ന് സ്നേഹാലയത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ബ്രദര്‍ ഈശോദാസിന്റെ നേതൃത്വത്തില്‍ സ്നേഹാലയത്തില്‍ ലഭിച്ച കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും വിജയകുമാര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ സ്വദേശം പോണ്ടിച്ചേരിയാണെന്ന് തിരിച്ചറിഞ്ഞത്. ആറുവര്‍ഷം മുന്‍പ് വിജയകുമാറിനെ കാണാതായതിനെത്തുടര്‍ന്ന് കുടുംബം കടുത്ത ദുഃഖത്തിലും തെരച്ചിലിലുമായിരുന്നു.
സാമൂഹ്യപ്രവര്‍ത്തകന്‍ റിയാസ് പിലാത്തറയുടെ സഹായത്തോടെ ഇദ്ദേഹത്തെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയുമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ടവനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം. സ്വന്തം വീട്ടുകാരെ വീണ്ടും കാണാനായതിന്റെ ആഹ്ലാദത്തിലാണ് വിജയകുമാറും.