കൊച്ചി: ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്ഷോർ ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്ററിന് കഴിയുമെന്ന് മന്ത്രി കെ. മുരളീധരൻ. പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ തുടങ്ങിയ മെറ്റാബോളിക് രോഗങ്ങളുടെ വർധിച്ചുവരുന്ന വെല്ലുവിളികൾ നേരിടുന്നതിന് ഏഴ് സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളെ സമന്വയിപ്പിച്ച് വിപിഎസ് ലേക്ഷോർ ആശുപത്രി ആരംഭിച്ച ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്റർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നടി നിഖില വിമൽ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച ചികിത്സ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ആശയമാണ് ഇന്റഗ്രേറ്റഡ് മെറ്റബോളിക് സെന്ററിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. റോയ് ജെ. മുക്കട പദ്ധതി വിശദീകരിച്ചു. മെഡിക്കൽ സർവിസസ് ചീഫ് ഡോ. മറിയ വർഗീസ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. എബി ഏബ്രഹാം, എൻഡോക്രൈനോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിവേക് മാത്യു, വി.പി.എസ് ലേക്ഷോർ ഗ്രൂപ്പ് സിഒഒ ലക്ഷ്മൺ സേതുരാമൻ, സിഇഒ ജയേഷ് വി. നായർ എന്നിവർ പ്രസംഗിച്ചു.
ഏഴു വിഭാഗങ്ങളുടെ ഏകോപനം
എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയോളജി, നെഫ്രോളജി, ന്യൂട്രീഷൻ, ഫിസിയോതെറാപ്പി, ഗൈനക്കോളജി എന്നീ ഏഴ് വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള ചികിത്സാ സംവിധാനമാണ് പുതിയ സെന്ററിൽ സജ്ജമാക്കിയിട്ടുള്ളത്.
ഓരോ രോഗത്തെയും പ്രത്യേകം ചികിത്സിക്കുന്നതിന് പകരം, രോഗിയുടെ ആകെയുള്ള മെറ്റാബോളിക് ആരോഗ്യം വിലയിരുത്തി അനുബന്ധ അപകടസാധ്യതകൾ കണ്ടെത്തുകയും സംയോജിത ചികിത്സാ പദ്ധതി തയാറാക്കുകയുമാണ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രിയുടെ ഇലക്ട്രോണിക് മെഡിക്കൽ റിക്കാർഡ്സ് സംവിധാനവുമായി സംയോജിപ്പിച്ചിട്ടുള്ള പ്രത്യേക മെറ്റബോളിക് ഡാഷ്ബോർഡ് സെന്ററിന്റെ സവിശേഷതയാണ്.