കൊച്ചി: തേവര സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂൾ സംഘടിപ്പിച്ച 13മത് ഫാ. ജോർജ് കോയിക്കര എൻഡോവ്മെന്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ വടുതല ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.
അവസാന റൗണ്ട് റോബിൻ മത്സരത്തിൽ തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിനെ (46-37) പരാജയപ്പെടുത്തിയാണ് ഡോൺ ബോസ്കോ കിരീടം ചൂടിയത്. 28 പോയിന്റുകൾ നേടിയ ഷനാൽ ഷാജിയുടെ തകർപ്പൻ പ്രകടനമാണ് ഡോൺ ബോസ്കോയ്ക്ക് വിജയമൊരുക്കിയത്. ആതിഥേയരായ എസ്എച്ച് സിഎംഐ സ്കൂളിനെ 48-46 എന്ന നേരിയ സ്കോർ വ്യത്യാസത്തിൽ മറികടന്ന എസ്എച്ച് ഹയർ സെക്കൻഡറി സ്കൂൾ റണ്ണേഴ്സ് അപ്പായി.
സമാപന ചടങ്ങിൽ സ്ഥാപക പ്രിൻസിപ്പൽ ഫാ. ജോർജ് കോയിക്കര, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റു കൈപ്പറമ്പാടൻ, പ്രിൻസിപ്പൽ എൻ.എ. അഭിജിത്ത്, എറണാകുളം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ജെയ്സൺ പീറ്റർ എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികളും വ്യക്തിഗത അവാർഡുകളും വിതരണം ചെയ്തു. വടുതല ഡോൺ ബോസ്കോയിലെ ഷനാൽ ഷാജി ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ അനൂജ് കുമാർ പ്രോമിസിംഗ് പ്ലെയറായും, എസ്എച്ച് സിഎംഐ പബ്ലിക് സ്കൂളിലെ എഡ്വിൻ റെയ്ഡൻ റോച്ച മികച്ച പ്ലേമേക്കറായും, അർമാൻ സുജിത്ത് മികച്ച ഡിഫൻഡറായും തെരഞ്ഞെടുക്കപ്പെട്ടു.