കോലഞ്ചേരി: 37-ാമത് എറണാകുളം റവന്യൂ ജില്ലാ കലോത്സവം 24 മുതൽ 28 വരെ കോലഞ്ചേരിയിൽ നടക്കും. 16 വേദികളിലായി 351 ഇനങ്ങളിലായാണ് മത്സരം. രജിസ്ട്രേഷൻ 23ന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് 4.30 വരെ നടക്കും. 24ന് രാവിലെ ഒന്പതിന് രചനാ മത്സരങ്ങൾ. ഉച്ചകഴിഞ്ഞ് 3.30ന് കലോത്സവ വിളംബര ഘോഷയാത്ര വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിൽ നിന്നാരംഭിക്കും. വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിൽ സമാപിക്കുമ്പോൾ കലോത്സവത്തിന്റെ ജനറൽ കൺവീനറും എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായ സുബിൻ പോൾ പതാക ഉയർത്തും.
സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് ഓപ്പൺ സ്റ്റേജിൽ നടക്കുന്ന കലോത്സവ ഉദ്ഘാടനം സംസ്ഥാന സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യാതിഥി ആയിരിക്കും. കലോത്സവ ലോഗോ നിർമിച്ച നോർത്ത് പറവൂർ ഗവ. എച്ച് എസ്എസ് വിദ്യാർഥിനി പവിത്ര എം. വിമലിന് പുരസ്കാരം നൽകും. ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 28ന് വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്യസഭ എംപി മാരായ അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. ജെബി മേത്തർ എന്നിവർ മുഖ്യാതിഥികളാകും. സമ്മാനദാനം മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പ്രസംഗിക്കും.
14 ഉപജില്ലകളിൽ നിന്നായി 14,500 മത്സരാർഥികൾ
14 ഉപ ജില്ലകളിൽ നിന്നായി 14500 മത്സരാർഥികളാണ് ഇക്കുറി പങ്കെടുക്കുന്നത്. സെന്റ് പീറ്റേഴ്സ് എച്ച് എസ് ഗ്രൗണ്ട് ഓപ്പൺ സ്റ്റേജ്, സ്പോർട്സ് അക്കാദമി ഹാൾ, മിനി കോൺഫറൻസ് ഹാൾ, കോലഞ്ചേരി പ്രസാദം ഓഡിറ്റോറിയം, സെന്റ് പീറ്റേഴ്സ് ടിടി ഐ ഹാൾ, സെന്റ് പീറ്റേഴ്സ് ബിഎഡ് ഹാൾ, പൂതൃക്ക കോ - ഓപ്പറേറ്റീവ് സൊസൈറ്റി ഹാൾ, കോലഞ്ചേരി വൈഎംസിഎ, സെന്റ് പോൾസ് പബ്ലിക് സ്കൂൾ, വ്യാപാര ഭവൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ, സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ, കടയിരിപ്പ് ഗവ. എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ്, കടയിരുപ്പ് കമ്യൂണിറ്റി ഹാൾ, സെന്റ് പോൾസ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
ജനപ്രതിനിധിനിധികൾ ചെയർമാൻമാരും വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരുമായി സബ് കമ്മിറ്റികളും രൂപീകരിച്ച് പ്രവർത്തനങ്ങൾ സജീവമാണ്. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം. കലോത്സവത്തിൽ മുഴുവൻ പേർക്കും ഭക്ഷണം നൽകും. സ്റ്റേജ്, പന്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേകം ഗതാഗത സൗകര്യം ഒരുക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.