പെരുന്പാവൂർ: പെരുമ്പാവൂരിന്റെ കായിക വളർച്ചയ്ക്കായി കായിക വകുപ്പിന്റെ പ്രത്യേക പദ്ധതി അനുവദിക്കുമെന്ന് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചു. മനോജ് മൂത്തേടൻ എംഎൽഎ യുവജനങ്ങളുടെ സമഗ്ര വികസനത്തിനായി ആവിഷ്കരിച്ച എംപവർ യൂത്ത് പദ്ധതിയുടെ ഭാഗമായുള്ള ഇന്റർ സ്കൂൾ ഫുട്ബോൾ മേള എംഎൽഎ കപ്പ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചിട്ടുള്ള എംഎൽഎ കപ്പ് സംസ്ഥാനത്ത് എല്ലാ നിയോജകമണ്ഡലം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ മനോജ് മൂത്തേടൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ 30 ലധികം സ്കൂളുകൾ പങ്കെടുക്കുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ മേള ഡിസംബർ രണ്ടിനാണ് സമാപിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത് വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും .
ഇന്നലെനടന്ന ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ കുറുപ്പംപടി എംജിഎം ഹയർ സെക്കൻഡറി സ്ക്കൂൾ, ഒക്കൽ എസ്എൻ ഹയർസെക്കൻഡറി സ്കൂൾ എന്നിവർ ഫൈനൽ മത്സരത്തിന് അർഹത നേടി. ഇന്ന് ഹൈസ്ക്കൂൾ വിഭാഗം ആൺകുട്ടികളുടെ സെമി ഫൈനൽ വരെയുള്ള മത്സരങ്ങൾ നടക്കും.