അടിമാലി: ആളൊഴിഞ്ഞ പുരയിടത്തിലെ ജീർണാവസ്ഥയിലുള്ള വീടിന്റെ മുറ്റത്ത് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ വഴിത്തിരിവ്. അമ്മയുടെ ഉദരത്തിൽവച്ച് ജീവൻ നഷ്ടപ്പെട്ട കുഞ്ഞിനെയാണ് പ്രസവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അവിവാഹിതയായ 25 വയസുകാരി പ്രസവിച്ച കുഞ്ഞിന്റേതാണു മൃതദേഹം എന്ന നിലയിലാണ് പൊലിസ് അന്വേഷണം നടത്തുന്നത്. പള്ളിവാസൽ വില്ലേജിൽ ഉൾപ്പെട്ട പത്താംവാർഡിന്റെ ഭാഗമായ തോക്കുപാറയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചു എന്നായിരുന്നു നിഗമനം. പ്രസവം കഴിഞ്ഞ് രണ്ടു ദിവസം മാത്രമായ കുഞ്ഞിന്റെ മൃതശരീരമാണ് വള്ളിപ്പടർപ്പുകൾക്കിടയിൽ കണ്ടെത്തിയത്.ഗർഭാശയസംബന്ധമായ അസ്വസ്ഥതയെത്തുടർന്ന് യുവതി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് ഇവരെ മെഡിക്കൽ കോളജിലേക്കു മാറ്റി.
മാസമുറയുമായി ബന്ധപ്പെട്ട രക്തസ്രാവത്തിന്റെ പ്രശ്നമാണ് തനിക്കുള്ളതെന്നായിരുന്നു യുവതി ഡോക്ടറോടു പറഞ്ഞത്. എന്നാൽ, പരിശോധനയിൽ പ്രസവം നടന്നതായി ഡോക്ടർ കണ്ടെത്തി. ഇതോടെ കോട്ടയം മെഡിക്കൽ കോളജ് പൊലിസ് മുഖേന വെള്ളത്തുവൽ പൊലിസിനെ വിവരം അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് ആളൊഴിഞ്ഞ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ഇടുക്കി മെഡിക്കൽ കോളജിലേക്കും മാറ്റി. മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടത്തിലാണ് കൊലപ്പെടുത്തിയതല്ലെന്നു കണ്ടെത്തിയത്.
വളർച്ചയെത്താതെ ഏഴാം മാസത്തിലാണ് ആൺകുഞ്ഞിനെ പ്രസവിച്ചതെന്നും കണ്ടെത്തി. കുഞ്ഞ് യുവതിയുടേതുതന്നെയാണോ എന്നറിയുന്നതിനായി ഡിഎൻഎ. പരിശോധന നടത്തും. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്താതിരുന്നതിനാൽ പള്ളിവാസൽ പഞ്ചായത്ത് പതിനൊന്നാം വാർഡംഗം സുജി ഉല്ലാസിന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.