തൊടുപുഴ: ജില്ലയിലെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ മന്ത്രി സണ്ണി ജോസഫ് നിര്‍ദേശം നല്കി. സന്ദര്‍ശകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് നടപടി.
ആനയിറങ്കല്‍ ഡാമില്‍ നിര്‍ത്തി വച്ചിരിക്കുന്ന ബോട്ടിംഗ് പുനരാരംഭിക്കാനും തൊടുപുഴയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്കി .
ജില്ലയിലെ ടൂറിസം സാധ്യതകള്‍ വിപുലപ്പെടുത്താന്‍ വൈദ്യുതി, ടൂറിസം വകുപ്പുകള്‍ കൈകോര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും യോഗം തീരുമാനിച്ചു. മുട്ടം, വാഗമണ്‍ എന്നിവിടങ്ങളില്‍ വൈദ്യുതി വകുപ്പിന്റെ ഔട്ട് സെന്ററുകള്‍ ആരംഭിക്കും. തണ്ടര്‍ സര്‍ക്യൂട്ട് പദ്ധതി വേഗത്തിലാക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തും. പുതിയ സെക്ഷന്‍ ഓഫീസുകളും സബ്സ്റ്റേഷനുകളും ആരംഭിക്കണമെന്ന ജനപ്രതിനിധികളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിലെ വൈദ്യുതി മേഖലയില്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിച്ച് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനും പട്ടികവര്‍ഗ വിഭാഗങ്ങളുടെ വീടുകളില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കും. ഇടമലക്കുടിയിലേക്ക് ഓവര്‍ ഹെഡ് ലൈന്‍ വലിച്ച് വൈദ്യുതി എത്തിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി തേടും.
പുതിയ കെവി ലൈനുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
ഡീന്‍ കുര്യാക്കോസ് എംപി, ചീഫ് വിപ് അപു ജോണ്‍ ജോസഫ്, എംഎല്‍മാരായ റോയ് കെ. പൗലോസ് , എഫ്. രാജ, സേനാപതി വേണു, സിറിയക് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീലാ സ്റ്റീഫന്‍, കെഎസ്ഇബി ഡയറക്ടര്‍ കെ.ആര്. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.