തൊടുപുഴ: കുമാരമംഗലം പീഡനത്തില്‍ വിചാരണ പൂര്‍ത്തിയായ ആറാമത്തെ കേസിലും പ്രതികള്‍ കുറ്റക്കാരെന്നു കോടതി. കേസിലെ ഒന്നും രണ്ടും പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു (ബേബി) (56), കാരിക്കോട് ഇടവെട്ടി വലിയജാരം പൊക്കളത്ത് ബിനു (46) എന്നിവരെയാണ് തൊടുപുഴ ഒന്നാം അഡീഷനല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാല്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്.
ഇവര്‍ക്കുള്ള ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. 2021 ഡിസംബര്‍ മൂന്നിന് വൈകുന്നേരം 5.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതിയായ രഘു ഇടനിലക്കാരനായിനിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടാം പ്രതിയായ ബിനുവിനു കൈമാറുകയായിരുന്നു. വാഗമണിലെ റിസോര്‍ട്ടില്‍ ശുചീകരണ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞാണു പെണ്‍കുട്ടിയെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയത്.
തൊടുപുഴയില്‍ എത്തിയപ്പോള്‍ ഒന്നാം പ്രതി രണ്ടാം പ്രതിയില്‍നിന്നു പാരിതോഷികം കൈപ്പറ്റി തുടര്‍ന്ന് വാഗമണിലെ റിസോര്‍ട്ടില്‍വച്ച് രണ്ടാം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തെന്നാണു പ്രോസിക്യൂഷന് കേസ്.
പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് പീഡന വിവരം പുറത്തായത്. ഇതേ അതിജീവിതയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കഴിഞ്ഞ മാസം 25 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി രഘു നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇയാള്‍ക്കെതിരേ സമാനമായ 20 കേസുകളില്‍കൂടി ഇനി വിധി വരാനുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സിസ് പയസ്, അഡ്വ. ആന്‍സി ഫിലിപ്പ് എന്നിവര്‍ ഹാജരായി.
2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ പീഡനം നടന്നതായാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പൊലിസ് 28 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ 25 പ്രതികളാണ് ഉണ്ടായിരുന്നത്. ഓരോ കേസിലും പ്രത്യേകം കുറ്റപത്രവും പൊലിസ് സമര്‍പ്പിച്ചു. തൊടുപുഴ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.ി ഇന്ന്