മൂലമറ്റം: പ്രകൃതിയുടെ നൈസര്‍ഗിക സൗന്ദര്യവും വേനല്‍ക്കാല ജലസമൃദ്ധിയും കൂടിച്ചേരുന്ന നയനമനോഹരമായ മലങ്കര ജലാശയത്തോടനുബന്ധിച്ച് ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കുന്ന പദ്ധതികള്‍ക്കായി കാത്തിരിക്കുകയാണ് ഇവിടത്തുകാര്‍. പ്രകൃതി സൗഹൃദ ടൂറിസം പദ്ധതികള്‍ ഒരുക്കിയാല്‍ കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം ഉള്‍പ്പടെ നേടിയെടുക്കാനാകും. ആഭ്യന്തര വിദേശ സഞ്ചാരികളുടെ സ്വപ്നഭൂമിയായി പ്രദേശത്തെ മാറ്റാനുമാകും. ഇതുവഴി പഞ്ചായത്തിന്റെയും സമീപപ്രദേശങ്ങളുടെയും വികസനത്തിനും വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ വരുമാന വര്‍ധനവിനും അവസരം ലഭിക്കും.
കുടയത്തൂര്‍, ആലക്കോട്, മുട്ടം, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളുടെ ഹരിതാഭ നിറഞ്ഞ മനോഹരമായ താഴ്വാരത്തിലാണ് ജലാശയം സ്ഥിതിചെയ്യുന്നത്. 10 കിലോമീറ്ററോളം നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ശുദ്ധജല തടാകമാണിത്. വര്‍ഷം മുഴുവനും നിറഞ്ഞുകിടക്കുന്ന മറ്റൊരു ജലാശയമില്ല.മൂലമറ്റം പവര്‍ഹൗസില്‍നിന്നു വൈദ്യുതി ഉത്പാദനത്തിനുശേഷം പുറത്തേക്കു വിടുന്ന വെള്ളമാണ് മലങ്കരയെ ജലസമൃദ്ധമാക്കുന്നത്. പ്രകൃതിയുടെ വരദാനമായ ഇലവീഴാപൂഞ്ചിറ, മുതിയാമല, പറമ്പുകാട്ട് മല, കുടയത്തൂര്‍ വിന്ധ്യന് എന്നിവ ജലാശയത്തിന്റെ ഇരു ഭാഗങ്ങളിലുമായി തലയുയര്‍ത്തി നില്ക്കുന്നു.
പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാര്‍, തേക്കടി, ഇടുക്കി, വാഗമണ്‍, ഗവി എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇടത്താവളമായി മലങ്കരയെ മാറ്റാനാകും. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള നിരവധി സിനിമകളുടെ ഇഷ്ടലൊക്കേഷനായിരുന്നു ഇവിടം.നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്നും വ്യവസായ ഹബ്ബായ കാക്കനാടുനിന്നും കോട്ടയത്തുനിന്നും അന്തര്‍സംസ്ഥാന തീര്‍ഥാടനകേന്ദ്രമായ എരുമേലിയില്‍നിന്നും രണ്ടു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താനാകുമെന്നത് മലങ്കരയുടെ സാധ്യതയ്ക്ക് പുതിയ മാനം നല്കുന്നു. വൃഷ്ടിപ്രദേശത്തെ അടിക്കാടുകള്‍ വെട്ടിത്തെളിച്ച് ഇവിടെ പൂമരങ്ങളും ഔഷധച്ചെടികളും വച്ചുപിടിപ്പിച്ചാല്‍ നയനമനോഹരമായ കാഴ്ചയാകും.
ജലാശയ തീരത്തോടു ചേര്‍ന്ന നടപ്പാത നിര്‍മിച്ചാല്‍ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാകും. ജലാശയത്തില്‍ ബോട്ടിംഗ്, കുട്ടവഞ്ചി, മുളച്ചങ്ങാടം എന്നിവയും ഒരുക്കാനാകും. തലയനാട് ഭാഗത്ത് കുട്ടികള്‍ക്ക് നീന്തല്പരിശീലനത്തിനും വാട്ടര്‍ ഗെയിമുകള്‍ക്കും ഉതകുന്ന സ്വിമ്മിംഗ്പൂള്‍ നിര്‍മിക്കാനായാല്‍ വലിയനേട്ടമാകും.
മുതിയാമല, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളില്‍ ട്രക്കിംഗ്, ജലാശയ തീരത്ത് ചില്‍ഡ്രന്‍സ് പാര്‍ക്ക്, വഞ്ചിതുഴയല്‍, ഇലവീഴാപൂഞ്ചിറ, മലങ്കര-മേഖലകളെ ഉള്‍പ്പെടുത്തി പാരാഗ്ലൈഡിംഗ്, ബട്ടര്‍ഫ്ളൈ പാര്‍ക്ക്, പക്ഷിസങ്കേതം, കണ്വന്ഷന് സെന്റര്‍, മുതിയാമല-കുടയത്തൂര്‍ വിന്ധ്യന് പ്രദേശങ്ങളെ ബന്ധിപ്പിച്ച് റോപ്വേ എന്നിവ ഒരുക്കാനാകും. ഇതോടൊപ്പം ജലാശയത്തില്‍ ചൂണ്ടയിട്ടും വലയെറിഞ്ഞും മീന്‍പിടിക്കാനാവശ്യമായ സൗകര്യമൊരുക്കിയാല്‍ ധാരാളം പേര് ഇവിടേക്ക് എത്തും.
ജലാശയതീരത്ത് ഫ്ളോട്ടിംഗ് റസ്റ്ററന്റുകള്‍, ഹോം സ്റ്റേ എന്നിവയും ഒരുക്കണം. തടാകതീരത്ത് പുല്‍ത്തകിടികള്‍, തണല്‍മരങ്ങള്‍ എന്നിവ വച്ചുപിടിപ്പിച്ചാല്‍ ഹൃദ്യമായ കാഴ്ചയാകും. വാണിജ്യമത്സ്യകൃഷിക്കും ഇവിടെ അനന്തസാധ്യതയുണ്ട്. സ്നാക്ക്സ്, ഐസ്ക്രീം പാര്‍ലറുകളും ഒരുക്കാനാകും. മലങ്കര മുതല്‍ ത്രിവേണി സംഗമംവരെ ബോട്ട് സര്‍വീസിനും അനന്തസാധ്യതയാണുള്ളത്.