തൊടുപുഴ: മതിയായ കൂലിയില്ലാത്തതിനാല്‍ ജില്ലയിലെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ മറ്റു തൊഴില്‍ മേഖലകളിലേക്കു ചേക്കേറുന്നു. ഹോംനഴ്സിംഗ്, സ്വയംതൊഴില്‍, തോട്ടം മേഖലകളിലേക്കാണ് പലരും ഉപജീവനം തേടി പോകുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വിലകൂടി ജീവിതച്ചെലവ് വര്‍ധിച്ചതോടെ അനേകം കുരുന്നുകള്‍ക്ക് അന്നം വിളമ്പുന്ന തങ്ങളുടെ കുടുംബം പട്ടിണിയിലാകരുതെന്ന ആഗ്രഹത്തോടെയാണ് പലരും ഏറെ വിഷമത്തോടെ ഈ തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. സാധാരണ കുടുംബങ്ങളില്‍നിന്നുള്ള ഇവരില്‍ പലര്‍ക്കും ഇപ്പോഴും കുടുംബത്തിലെ ഏക ആശ്രയമാണ് പാചക തൊഴില്‍.
ചെലവ് ഇരട്ടിച്ചതിനാല്‍ നിലവിലുള്ള ദിവസവേതനമായ 675 രൂപ കൊണ്ട് എങ്ങനെ ജീവിക്കുമെന്നാണു തൊഴിലാളികള്‍ ചോദിക്കുന്നത്. സ്കളുകളില്‍ 500 കുട്ടികള്‍ക്ക് ഒരുപാചകത്തൊഴിലാളിയെന്നതാണ് നിലവിലെ കണക്ക്. ഇത്രയും പേര്‍ക്ക് ആഹാരം ഉണ്ടാക്കുക എന്നതുതന്നെ ശ്രമകരമായ ജോലിയാണ്. 150ല്‍ കൂടുതല്‍ കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കാന്‍ ഒരാളെക്കൊണ്ട് സാധിക്കില്ലെന്നാണു തൊഴിലാളികള്‍ പറയുന്നത്. എങ്കിലും കുറഞ്ഞത് 250 കുട്ടികള്‍ക്കെങ്കിലും ഒരാളെന്ന രീതിയില്‍ നിജപ്പെടുത്തിയാലെ ജോലിഭാരം അല്പമെങ്കിലും കുറയ്ക്കാനാവൂ.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 300:1 എന്ന അനുപാത രീതിയില്‍ ധാരണയായായതാണെങ്കിലും ഉത്തരവിറക്കിയില്ല. പുതിയ സര്‍ക്കാരും ഇക്കാര്യത്തില്‍ മൗനം തുടരുകയാണെന്ന് ഇവര്‍ പറയുന്നു.
ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ആരോഗ്യപ്രശ്നങ്ങള്‍മൂലം ജോലി ഉപേക്ഷിച്ചവര്ക്കാകട്ടെ കുടിശിക തീര്ത്തുനല്കിയിട്ടില്ലെന്നും പരാതിയുണ്ട്. നിലവില്‍ വിവിധ സ്കൂളുകളിലായി 500ലധികം പാചകത്തൊഴിലാളികളാണ് ജില്ലയിലുള്ളത്. ലഭിക്കുന്ന വേതനം മാസാരംഭത്തില്‍ നല്‍കാത്തതും പ്രതിസന്ധി കൂട്ടുന്നു.
ഒരു മാസത്തെ വേതനം അടുത്ത മാസത്തിലെ അവസാന ആഴ്ചകളിലാണ് ലഭിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മാസങ്ങളോളം വേതനം ലഭിച്ചിരുന്നില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ വേതനം കൃത്യമായി നല്‍കുന്നുണ്ടെങ്കിലും ശമ്പളം വിതരണം ചെയ്തു വരുമ്പോള്‍ ഉണ്ടാകുന്ന ട്രഷറിയിലെ സാങ്കേതിക തടസമാണ് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത്.
മുമ്പ് ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നേരിട്ടാണ് നല്‍കിയിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഇത് ട്രഷറി വഴിയാക്കിയതോടെ വിതരണത്തില്‍ കാലതാമസം നേരിടുന്നതാണ് നിലവിലെ പ്രതിസന്ധി. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന 1000 രൂപയുടെ പ്രതിമാസ ഓണറേറിയം മാസങ്ങളായി മുടങ്ങിയിരിക്കുന്നതും ഇവരെ ദുരിതത്തിലാക്കുന്നുണ്ട്.