ചിന്നക്കനാല്‍: നാട്ടുകാരോട് കൊമ്പുകോര്‍ക്കുന്ന ചക്കക്കൊമ്പനെ തളയ്ക്കാന്‍ കുങ്കിയാനകളായ വിക്രമും ഭരതും 30 അംഗ ദൗത്യസംഘവും അണിനിരന്നുകഴിഞ്ഞു.
ആനയെ മയക്കുവെടിവയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് ചക്കക്കൊമ്പനെ തളയ്ക്കാനാണ് നീക്കം. തുടര്‍ന്നു റേഡിയോ കോളര്‍ പിടിപ്പിച്ച് ചിന്നക്കനാല്‍ വനമേഖലയില്‍തന്നെ ഇതിനെ തുറന്നുവിടും.
വര്‍ഷങ്ങള്‍ക്കു മുമ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ച് തളച്ചതിന്റെ അനുഭവസമ്പത്തിന്റെ പിന്‍ബലത്തിലാണ് ഇത്തവണത്തെ ദൗത്യസംഘനീക്കം. ചക്കക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള തന്ത്രങ്ങളും തുടര്‍നടപടികളുമെല്ലാം നേരത്തേതന്നെ തയാറാക്കിക്കഴിഞ്ഞു.
നിയന്ത്രണവലയത്തില്‍ ചിന്നക്കനാല്‍
ചിന്നക്കനാല്‍: ചക്കക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള നടപടിയുടെ ഭാഗമായി ചിന്നക്കനാല്‍ മേഖല കടുത്തനിയന്ത്രണവലയത്തില്. പഞ്ചായത്തിലെ ആറുവാര്‍ഡുകളില്‍ ഇന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഇന്നു പുലര്‍ച്ചെ 12.30 മുതല്‍ ദൗത്യം പൂര്‍ത്തിയാക്കി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെയോ അല്ലെങ്കില്‍ രാത്രി 11.30 വരെയോ ആണ് നിരോധനാജ്ഞ. ദൗത്യം നീണ്ടുപോയാല്‍ സാഹചര്യം വിലയിരുത്തി തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോടു ചേര്‍ന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നതും സംഘം ചേര്‍ന്ന് ഒത്തുചേരുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികള്‍ അനാവശ്യമായി വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്കു പോകുന്നതും ഒഴിവാക്കണം.
കാട്ടാനയെ കാണുന്നതിനായി ആളുകള്‍ കൂട്ടംകൂടരുത്. വനംവകുപ്പ്, പൊലിസ്, റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യം നടക്കുന്ന സ്ഥലത്തേക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചിട്ടുള്ള നിയന്ത്രിത മേഖലയിലേക്കോ പ്രവേശിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മയക്കുവെടി വയ്ക്കുന്നതിനിടെ കാട്ടാന പ്രകോപിതനായി ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വനംവകുപ്പും പൊലിസും നല്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ഇടുക്കി: ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന നടപടിയുടെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറു വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അവധി പ്രഖ്യാപിച്ചത്.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ ചക്കക്കൊമ്പനെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആനയുടെ സാന്നിധ്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്.
ആനയെ പിടികൂടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശത്തും സമീപമേഖലകളിലും ഡ്രോണ്‍ കാമറകള്‍, നൈറ്റ് കാമറകള്‍, കാമറ ട്രാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിരോധിച്ചിട്ടുണ്ട്. ആനയെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് തിരിച്ചയക്കുന്നതുവരെ നിരോധനം തുടരും.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രം, ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, മൂന്നാറിലെ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ ഏഴു മുതല്‍ ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്സിംഗ് ജീവനക്കാര്‍, ആംബുലന്‍സ് സൗകര്യം, അടിയന്തര ചികിത്സാ സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.