ചമതച്ചാൽ: മലയോരമേഖലയിലെ കർഷകർക്ക് പുതിയ പ്രതീക്ഷയായി കശുമാവുകൾ പൂത്തുതുടങ്ങി. മറ്റു കാർഷിക വിളകൾക്ക് വിലയില്ലാത്തതിനാൽ ഇനി കശുവണ്ടിയിലാണ് പ്രതീക്ഷകൾ.ജനുവരിയിൽ സീസൺ തുടങ്ങുന്നതിന് മുമ്പായി സർക്കാർ 280 രൂപ തറവില നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം. റബർ ഉൾപ്പടെയുള്ള വിളകളുടെ വിലത്തകർച്ചമൂലം ദുരിതത്തിലാണ് മലയോരത്തെ കർഷകർ.
മഴ മാറി വെയിലിന് ചൂട് കൂടുന്നതോടെയാണ് കശുമാവുകൾ പൂവിടുന്നത്. അത്യുത്പാദനശേഷിയുള്ള ബഡ് കശുമാവിൻ തോട്ടങ്ങളിൽ ചിലയിടത്ത് അടുത്ത മാസം മുതൽ കശുവണ്ടി വിരിഞ്ഞുതുടങ്ങും.സീസണിന്റെ തുടക്കത്തിൽ കിലോഗ്രാമിനു 100 രൂപയിലേറെ വില ലഭിക്കാറുണ്ടെങ്കിലും മഴ പെയ്യുന്നതോടെ വില കുത്തനെ ഇടിയുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.
ജനുവരി പകുതി കഴിഞ്ഞ് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കശുവണ്ടിയുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. പലയിടത്തും പുഴുശല്യം മൂലം കശുമാവുകൾ ഉണങ്ങിനശിക്കുകയാണ്. ഇതും കശുമാവ് കൃഷി ചെയ്യുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നുണ്ട്.
അടുത്ത കാലത്തായി കശുമാവ് കൃഷിവികസനത്തിനായി കൃഷിഭവൻ വഴി വൻതോതിൽ കശുമാവിൻ തൈകൾ വിതരണം ചെയ്തിരുന്നു. എന്നാൽ, വർഷം ചെല്ലുന്തോറും കശുവണ്ടിയുടെ ഉത്പാദനം കുറയുകയാണ് ചെയ്യുന്നത്. 280 രൂപയെങ്കിലും തറവില നിശ്ചയിച്ച് കശുവണ്ടിസംഭരണം ഏർപ്പെടുത്തുകയും രോഗബാധ തടയാൻ അധികാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുകയും ചെയ്താൽ കൂടുതൽ കർഷകരെ കശുമാവ് കൃഷിയിലേക്ക് തിരികെ കൊണ്ടുവരാനാകും. എന്തായാലും ഫെബ്രുവരി ആദ്യവാരത്തോടെ കശുവണ്ടി വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് കർഷകരും വ്യാപാരികളും.