ഇരിട്ടി: പഴശിയിൽ ജലവഭവ വകുപ്പിന് കീഴിൽ പദ്ധതി പ്രദേശത്ത് കുപ്പിവെള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് മന്ത്രി മോൻസ് ജോസഫ്. പഴശി പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് യുഡിഎഫ് ജില്ലാ ഘടകവും മന്ത്രി സണ്ണിജോസഫും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും നിവേദനം നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് ടൂറിസം വകുപ്പുമായി ചേർന്ന് നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിയുടെ വിശദമായി പഠന റിപ്പോർട്ട് (ഡിപിആർ) തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പഴശി പദ്ധതി പ്രദേശത്തേക്ക് എത്തുന്ന ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള റോഡുകൾ പൊതുമരാമത്ത് വിഭാഗത്തിന് വിട്ടുനൽകുന്നത് ആലോചനയിലുണ്ട്. ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിയുമായി ആശയവിനിമയം നടത്തും. റോഡുകൾ നന്നാക്കാനുള്ള വിഭവശേഷി ജലസേചന വകുപ്പിന് ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. പഴശി കനാലുകൾ നവീകരിക്കുന്നതിനായി 36 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.