കേളകം: കേരള സീനിയർ സിറ്റിസൺസ് ഫോറം 30-ാമത് കണ്ണൂർ ജില്ലാ സമ്മേളനത്തിന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ തുടക്കമായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺസ് ഫോറം കണ്ണൂർ ജില്ലാ പ്രസിഡന്റ് ഏബ്രഹാം തുണക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ മുഖ്യപ്രഭാഷണം നടത്തി.
മലയോരത്തെ ആദ്യകാല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് കുട്ടി മുക്കാടിനെ കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ എന്നിവർ ചേർന്ന് ആദരിച്ചു. ജില്ലാ സെക്രട്ടറി സി.കെ. രഘുനാഥൻ നമ്പ്യാർ വാർഷിക പ്രവർത്തന റിപ്പോർട്ടും സി.വി. രവീന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് റിട്ട. മേജർ ജനറൽ ടി. പദ്മിനി, സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു, സംസ്ഥാന കമ്മിറ്റി അംഗം മുകുന്ദൻ, ജില്ലാ കമ്മിറ്റി അംഗം ജോർജ് കറുവപ്പള്ളി എന്നിവർ പ്രസംഗിച്ചു.