പയ്യാവൂർ: പ്രധാൻമന്ത്രി ഗ്രാമീൺ സഡക്ക് യോജന (പിഎംജിഎസ്വൈ) സ്കീമിൽ ഉൾപ്പെടുത്തി 2022 ൽ ടാറിംഗ് നടത്തിയ പയ്യാവൂർ കാലിക്കണ്ടി-ഏറ്റുപാറ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ അതിദയനീയം. പിഎംജിഎസ് വൈ സ്കീമിൽ നിർമിക്കുന്ന റോഡിന് അഞ്ചുവർഷം ഗാരന്റിയുള്ളതാണ്. എന്നാൽ കരാറുകാർ നിർബന്ധമായും ചെയ്തിരിക്കേണ്ട അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണു രണ്ടര കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ റോഡിന്റെ സ്ഥിതി ഇത്രയേറെ ദുരിതാവസ്ഥയിലായത്.
റോഡിൽ ചെറിയ കയറ്റമുള്ള ഭാഗങ്ങളിൽ ഇളകിക്കിടക്കുന്ന കരിങ്കൽ ജെല്ലികളിൽ തെന്നിവീണു കാൽനടയാത്രികർക്കു പരിക്കേൽക്കുന്നതും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായിട്ടുണ്ട്.
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡരികിലൂടെ നടക്കുന്നവരുടെ ദേഹത്ത് കല്ല് തെറിച്ചു മുറിവേൽക്കാനും ഇടയാകുന്നുണ്ട്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള തർക്കത്തിൽ ദുരിതം അനുഭവിക്കുന്നത് ഇവിടെയുള്ള നാട്ടുകാരാണ്. ഈ പ്രശ്നത്തിന് ശ്വാശ്വത പരിഹാരമായി റോഡ് എത്രയും വേഗത്തിൽ റീടാറിംഗ് നടത്തണമെന്നാണു പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.