ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ വയനാടൻ മേഖലയിലെ കുട്ടപ്പൻ ഉന്നതിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് മനോജ് എന്നയാളുടെ കൃഷിയിടത്തിലാണ് കാട്ടാന നാശം വിതച്ചത്. കൃഷിയിടത്തിൽ ആന കയറിയത് വീട്ടുകാർ ആർആർടിയെ അറിയിച്ചെങ്കിലും ഇവർ എത്തുന്പോഴേക്കും ആന വാഴകൾ നശിപ്പിച്ച് കാട്ടിലേക്ക് മടങ്ങിയിരുന്നു. മേഖലയിലേക്ക് എത്തിച്ചേരാൻ കൃത്യമായി വഴിയില്ലാതിരുന്നതാണ് എത്താൻ വൈകിയതെന്നാണ് ആർആർടി അധികൃതർ പറഞ്ഞത്.
ആറളം കാർഷിക ഫാമിന്റെ കീഴിലുള്ള ബ്ലോക്ക് എട്ടു വഴിയുള്ള റോഡാണ് ഇവിടേക്കെത്താൻ ഉപയോഗിച്ചിരുന്നത്. ഫാമിൽ കാർഷിക വിളകൾ സംരക്ഷിക്കാനായി ഫെൻസിംഗ് ചെയ്തപ്പോൾ റോഡ് തടസപ്പെട്ടിരിക്കുകയാണ്. ഇതുകാരണം ഇവിടം വരെ എത്തിയ ആർആർടി സംഘം ആറളം മോഡൽ റസിഡൻഷ്യൽ സ്കൂളിന് സമീപത്തെ നടവഴിലൂടെയാണ് പിന്നിട് സ്ഥലത്തെത്തിയത്.
നിരവധി കുടുംബങ്ങൾ വസിക്കുന്ന പ്രദേശത്ത് എത്താൻ റോഡില്ലെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ അടിയന്തിരമായി ഗതാഗത യോഗ്യമായ റോഡ് നിർമിക്കണമെന്ന് താമസക്കാർ ആവശ്യപ്പെട്ടു. പുനരധിവാസം പൂർത്തിയായി വർഷങ്ങൾ പിന്നിടുമ്പോഴും പലവീടുകളിലേക്ക് എത്താൻ നടവഴികൾ മാത്രമാണുള്ളത്. രോഗികളായവരെ ആശുപത്രിയിലെത്തിക്കാനും മറ്റും എടുത്താണ് റോഡിലെത്തിക്കുന്നത്.