വൃശ്ചികമാസത്തിൽ മുമ്പെങ്ങും കാണാത്തവിധം ഇടിമിന്നലും മഴയും പെയ്തിറങ്ങിയ രാത്രി കഴിഞ്ഞപ്പോൾ പെരിയയിലെ കലോത്സവവേദി ഉണർന്നത് കലയുടെ പെരുമഴക്കാലത്തിലേക്കാണ്.
പരിചമുട്ടുകളിയുടെയും ചവിട്ടുനാടകത്തിന്റെയും ബാൻഡ് മേളത്തിന്റെയും വട്ടപ്പാട്ടിന്റെയും ഒപ്പനയുടെയും ചടുലതാളങ്ങളും കുച്ചിപ്പുഡിയുടെയും ഭരതനാട്യത്തിന്റെയും ഭാവസാന്ദ്രമായ നൃത്തച്ചുവടുകളും മംഗലംകളിയുടെ ഗോത്രതാളവുമെല്ലാം വേദികളിൽ പെയ്തിറങ്ങി. മോണോ ആക്ട്, മിമിക്രി, ചാക്യാർകൂത്ത്, കൂടിയാട്ടം, ഓട്ടൻതുള്ളൽഎന്നിവയെല്ലാം പുതുതലമുറയുടെ അഭിനയശേഷിയുടെ മാറ്റുരച്ചു.
സംഘാടകർ പരമാവധി മുന്നൊരുക്കങ്ങൾ നടത്തിയിട്ടും മിക്ക വേദികളിലും മത്സരങ്ങൾ തുടങ്ങാൻ ഏറെ വൈകി. പെരിയ ജിഎൽപി സ്കൂളിലെ വേദി ആറിൽ നടത്താൻ നിശ്ചയിച്ചിരുന്ന കുച്ചിപ്പുഡി മത്സരം സ്റ്റേജിന്റെ അപര്യാപ്തത മൂലം കായക്കുളം വിഷ്ണു ബ്രദേഴ്സ് ക്ലബിലെ വേദി ഒമ്പതിലേക്ക് മാറ്റിയതും മത്സരാർഥികളെ വലച്ചു. വേദി ആറിൽ മേക്കപ്പിട്ട് കാത്തിരുന്ന കുട്ടികളെ കായക്കുളത്തേക്ക് വാഹനത്തിൽ എത്തിക്കുകയായിരുന്നു. പകരം കായക്കുളത്ത് നടത്താനിരുന്ന മിമിക്രിയും മോണോ ആക്ടും വേദി നാലിലേക്കും മാറ്റി.
അറബിക് കലോത്സവവും സംസ്കൃതോത്സവവുമടക്കം മിക്ക വേദികളിലും കാഴ്ചക്കാരുടെ നിറഞ്ഞ സാന്നിധ്യമുണ്ടായത് കലോത്സവത്തെ പെരിയയിലെ ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവായി.
ലോകായുക്ത വഴിയെത്തി;തന്മയയ്ക്ക് ഒന്നാംസ്ഥാനം
ലോകയുക്ത വഴി ഓട്ടൻ തുള്ളലിൽ ഒന്നാമതെത്തി മടിക്കൈ ജിഎച്ച്എസ്എസിലെ തൻമയഅശോക്. ഹൊസ്ദുർഗ് സബ് ജില്ലയിലെ വിധിക്കെതിരെ അപ്പീൽ പോയങ്കിലും
തൻമയ ക്ക് അനുകൂല തീരുമാനമുണ്ടായില്ല.തുടർന്ന് ലോകാ യുക്തയിലേക്ക് പോകുകയായിരുന്നു.അവിടെ നിന്നുള്ള അനുകൂല വിധിയിലാണ് തൻ മയ മൽസരിച്ച് വിജയച്ചത്. വെള്ളിക്കോത്തെ പ്രവാസിയായ എം.അശോകൻ്റെയും കെ.അനിതയുടെയും മകളാണ്.
ഹൊസ്ദുർഗ്, ദുർഗ മുന്നിൽ
പെരിയ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാംദിനം 436 പോയന്റുമായി ഹൊസ്ദുർഗ് ഉപജില്ല മുന്നിൽ. കാസർഗോഡ് (430) രണ്ടും ചെറുവത്തൂർ (398) മൂന്നും സ്ഥാനത്തുണ്ട്. 388 പോയന്റോടെ ബേക്കലും ചിറ്റാരിക്കലും നാലാംസ്ഥാനത്തുണ്ട്. കുമ്പള (380), മഞ്ചേശ്വരം (305) എന്നിങ്ങയൊണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില.
സ്കൂളുകളിൽ 123 പോയന്റോടെ കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ് കുതിപ്പ് തുടരുകയാണ്. 95 വീതം പോയന്റുകൾ നേടി പിലിക്കോട് സികെഎൻഎസ് ജിഎച്ച്എസ്എസും ഉദുമ ജിഎച്ച്എസ്എസും രണ്ടാംസ്ഥാനത്തുണ്ട്. ചായ്യോത്ത് ജിഎച്ച്എസ് (81) മൂന്നും മഞ്ചേശ്വരം എസ്എടിഎച്ച്എസ്എസ് (73) നാലും സ്ഥാനത്തുണ്ട്.
കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു. കെ.നീലകണ്ഠൻ എംഎൽഎ അധ്യക്ഷതവഹിച്ചു.എ.കെ.എം.അഷ്റഫ് എംഎൽഎ 'പെരിയകം 'സോവനീർ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സാബു ഏബ്രഹാം, ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ പി.സവിത എന്നിവർ സംബന്ധിച്ചു.
കലോത്സവം വിജിലൻസിന്റെ കർശന നിരീക്ഷണത്തിൽ
പെരിയ: ജില്ലാ കലോത്സവത്തിലെ മത്സരങ്ങളും വിധിനിർണയ നടപടികളും വിജിലൻസിന്റെ കർശന നിരീക്ഷണത്തിൽ.മത്സരങ്ങളുടെ നടത്തിപ്പിലും വിധിനിർണയത്തിലും സുതാര്യത ഉറപ്പാക്കുന്നതിനായി വിജിലൻസ് ഡിവൈഎസ്പി വി.കെ.വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
മത്സരവേദികളിലെ നടപടിക്രമങ്ങൾ, വിധികർത്താക്കളുടെ പ്രവർത്തനം, വിധിനിർണയത്തിലെ സുതാര്യത, മത്സരഫലങ്ങൾ എന്നിവയാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി വിവിധ വേദികളിലായി പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന സമയത്ത് വേദികളിലെത്തുന്ന ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
വിധികർത്താക്കളുടെ തെരഞ്ഞെടുപ്പും അവരുടെ മുൻകാല പ്രവർത്തനങ്ങളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ആരോപണവിധേയരായിട്ടുള്ള വിധികർത്താക്കൾ, സ്ഥിരമായി വിവിധ മത്സരങ്ങളിൽ വിധികർത്താക്കളായി എത്തുന്നവർ എന്നിവരുടെ വിവരങ്ങളും പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. ഒരു മത്സരത്തിലെ വിധിനിർണയവുമായി ബന്ധപ്പെട്ട് അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ അതും പരിശോധിക്കും.
മത്സരാർത്ഥികളുടെ പ്രകടനത്തിനനുസരിച്ചല്ലാതെ ഫലങ്ങളിൽ അസാധാരണമായ വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ടോ, വിധികർത്താക്കളുടെ തീരുമാനങ്ങളിൽ പ്രത്യേക സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളും വിജിലൻസ് നിരീക്ഷിക്കുന്നുണ്ട്. മത്സരഫലവുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളും അപ്പീലുകളും വിജിലൻസിന്റെ നിരീക്ഷണ പരിധിയിലുണ്ട്. ഒരു മത്സരത്തിന്റെ ഫലം സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുകയോ, വിധിനിർണയത്തിൽ അസ്വാഭാവികത ആരോപിക്കപ്പെടുകയോ ചെയ്താൽ അതിന്റെ പശ്ചാത്തലവും നടപടിക്രമങ്ങളും പരിശോധിക്കും.
മത്സരവേദികളിൽ മത്സരാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മറ്റ് ബന്ധപ്പെട്ടവർക്കും ഇടയിൽ നടക്കുന്ന ഇടപെടലുകളും വിജിലൻസ് സംഘം നിരീക്ഷിക്കുന്നുണ്ട്. മത്സരഫലങ്ങളെ സ്വാധീനിക്കാൻ ഏതെങ്കിലും തരത്തിലുള്ള സമ്മർദമോ ഇടപെടലോ ഉണ്ടാകുന്നുണ്ടോയെന്നും പരിശോധിക്കും. മത്സരങ്ങളുടെ നടത്തിപ്പിൽ നിന്ന് ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ പരാതികൾക്കും ആരോപണങ്ങൾക്കും ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് വിജിലൻസ് ലക്ഷ്യമിടുന്നത്.