പെരിയ: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ആദ്യദിനം കാണികളുടെ മനം കവര്‍ന്നത് ഭിന്നശേഷി വിദ്യാര്‍ഥികള്‍. ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ആദ്യമായി നടക്കുന്ന ഇന്‍ക്ലുസീവ് കലോത്സവത്തിലെ കുട്ടികള്‍ പാട്ടുപാടിയും നൃത്തം ചവിട്ടിയും സംഗീതോപകരണങ്ങള്‍ വായിച്ചും വിസ്മയിപ്പിച്ചു.
കാണികള്‍ കുട്ടികളെ നിറകൈയടികളോടെ പ്രോത്സാഹിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി ഇരുന്നൂറോളം കുട്ടികള്‍ 11 ഇനങ്ങളിലായി കലാമേളയില്‍ പങ്കെടുത്തു. കലാപരിപാടികള്‍ അവതരിപ്പിച്ച മുഴുവന്‍ കുട്ടികള്‍ക്കും ഉപഹാരം നല്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പ്രത്യേക പരിഗണനയോടെയാണ് കുട്ടികള്‍ക്ക് ജില്ലാ കലോത്സവത്തോടൊപ്പം ആദ്യമായി കലാവേദി ഒരുക്കിയത്. കലാമേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്കായി ഭക്ഷണം, വിശ്രമമുറി, ആതുരസേവനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ആത്മവിശ്വാസത്തോടെ കലയുടെ ലോകത്തേക്ക് ചുവടുവെക്കാനും അവസരമൊരുക്കുന്ന കലാമേള സമത്വത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു. ഭിന്നശേഷി എന്നത് പരിമിതികളല്ലെന്നും വ്യത്യസ്തമായ കഴിവുകളുടെയും കാഴ്ചപ്പാടുകളുടെയും ലോകമാണെന്നും ഓര്‍മിപ്പിക്കുന്ന കലാവിരുന്ന് കുട്ടികള്‍ക്കും സമൂഹത്തിനും ഒരുപോലെ പ്രചോദനമേകി.
ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് കെ.കെ. സോയ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സബിത, വൈസ്പ്രസിഡന്റ് എം.കെ. ബാബുരാജ്, വാര്‍ഡ് മെംബര്‍ ഉഷ എന്‍. നായര്‍, ഡിഡിഇ പി.സവിത, കാഞ്ഞങ്ങാട് ഡിഇഒ രാഹുല്‍ എ. രാജ്, ഡിപിഒമാരായ പി. ശശിധരന്, മധുസൂദനന്, ഷംസുദ്ദീന്, ബേക്കല്‍ എഇഒ ടി.കെ.മുഹമ്മദലി, പ്രിന്‍സിപ്പല്‍ കെ.വി.വിശ്വംഭരന്, മുഖ്യാധ്യാപിക കെ.സുമതി, ബിപിസിമാരായ ആര്. സുധ, നികേഷ് മാടായി, താജുദ്ദീന്, ബിജു അഗസ്റ്റിന്, സുബൈര്‍, ഹര്‍ഷ എന്നിവര്‍ സംസാരിച്ചു. ഷൗക്കത്തലി അക്കാളത്ത് സ്വാഗതവും കാസര്‍ഗോഡ് ഡിപിഒ പി. ചരിഷ്മ നന്ദിയും പറഞ്ഞു.