District News
കുണ്ടറ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കൊല്ലം മെത്രാസന ശതോത്തര സുവര്‍ണ ജൂബിലിയുടെ സമാപന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള വിളംബര റാലി ഇന്ന് സമാപിക്കും.
ഇന്ന് രാവിലെ 11 ന് പോരുവഴി മാര്‍ ബസേലിയോസ് ഗ്രിഗോറിയസ് പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന റാലി ശൂരനാട്, തഴവ, കിഴക്കേക്കല്ലട, പേരയം, തൃപ്പലഴികം, നല്ലില,മുഖത്തല വഴി കൊല്ലം സെന്റ് തോമസ് കത്തീഡ്രലില്‍ അവസാനിക്കും. തുടര്‍ന്ന് 24ന് ഈ ദീപശിഖ പ്രയാണം നടക്കും.
29ന് കുണ്ടറ വിസ്മയ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും.
ഇന്നലെ രാവിലെ 8.30ന് മഞ്ഞക്കാല മാര്‍ ശെമവോന്‍ ദെസ്തുനി ദേവാലയത്തില്‍ നിന്ന് ആരംഭിച്ച റാലി പട്ടാഴി,ഏനാത്ത്, കുളക്കട,പുത്തൂര്‍, മാറനാട്, നെടുമ്പായിക്കുളം, കുണ്ടറ, കൈതക്കോട് കല്ലട വഴി ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തില്‍ സമാപിച്ചു.
District News
കൊല്ലം: അനധികൃതമായി പ്രവര്‍ത്തിക്കുന്ന കൊട്ടിയം ചൂരല്പ്പൊയ്കയിലെ ടാര്‍ മിക്സിംഗ് പ്ലാന്റ് അടച്ച് പൂട്ടണമെന്ന് കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ബി.ജെ. റോസാരിയോ ആവശ്യപ്പെട്ടു. ചൂരല്പ്പൊയ്കയിലെ ടാര്‍ മിശ്രണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തില്‍ കൊട്ടിയത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തിയ വിദ്യാഭ്യാസ അവകാശ സംരക്ഷണ ജാഥയും സായാഹ്ന ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലിനീകരണം തടയാനുള്ള നിയമങ്ങള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ അധികാരികള്‍ തയാറാകാത്തതിന്റെ പരിണിത ഫലമാണ് ചൂരല്പ്പൊയ്കയിലെ ടാര്‍ മിശ്രണ പ്ലാന്റില്‍ നിന്ന് വിഷവാതകം ശ്വസിച്ച് കുട്ടികള്‍ ആശുപത്രിയിലാകാന്‍ ഇടയാക്കിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടിയന്തരമായി അടച്ചു പൂട്ടുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓക്സിലിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി ആന്റണി അധ്യക്ഷത വഹിച്ചു. 500 ല്‍ പരം പേര് പങ്കെടുത്തു. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. നോക്കി എഡ്വേര്‍ഡ്, ഫാ. ടോമി കമാന്‍സ്, എലിസബത്ത് ലിസി, കനകയ്യ്, ഏലിയാസ് മച്ചാഡോ, ജൂഡിത്ത് ലത, അജിത് കുര്യന്, വൈ. ഗോഡ്സണ്‍, ഫാ. ലിജോ, ജോര്‍ജ് ഡിക്രൂസ്, ജോസഫ് എസ.് തുണ്ടില്‍ അലോഷ്യസ് റെസാരിയോ എന്നിവര്‍ പ്രസംഗിച്ചു.
District News
കൊല്ലം : പുനലൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്ക്കുമീതെ കൂറ്റന്‍ മരക്കൊമ്പ് ഒടിഞ്ഞുവീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയില്‍ പുനലൂര്‍ ഹൈസ്കൂള്‍ ജംഗഷനില്‍ ആമക്കുളത്തിനോടു ചേര്‍ന്നായിരുന്നു അപകടം നടന്നത്. ജല അഥോറിറ്റി ജീവനക്കാരന്റെ കാറും നെല്ലിപ്പള്ളി കല്ലാര്‍ സ്വദേശിയുടെ ടാക്സി കാറുമാണ് അപകടത്തില്‍പ്പെട്ടത്.
ഇതില്‍ ടാക്സി കാറിലെ ഡ്രൈവറാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാറിന് കേടുപാടുണ്ടായി. കൂറ്റന്‍ ബദാം മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞുവീണത്. ഈസമയം മഴയോ കാറ്റോ ഉണ്ടായിരുന്നില്ല. ജല അഥോറിറ്റി ജീവനക്കാരന്റെ കാര്‍ സ്ഥിരമായി ഈ മരത്തിനു കീഴെയാണ് നിര്‍ത്തിയിടാറുള്ളത്.
ടാക്സി കാര്‍ മരത്തിനു കീഴിലായി നിര്‍ത്തിയിടാന്‍ ശ്രമിക്കുമ്പോഴാണ് കൊമ്പ് ഒടിഞ്ഞുവീണത്. സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി ചില്ലകള്‍ നീക്കിയശേഷം ഡ്രൈവർ പുറത്തിറക്കുകയായിരുന്നു. പിന്നീട് പുനലൂര്‍ ഫയര്‍സ്റ്റേഷനില്‍ നിന്ന് സേനാംഗങ്ങള്‍ എത്തി ചില്ലകള്‍ മുറിച്ചുനീക്കി രണ്ടു കാറുകളും പുറത്തെടുത്തു.
മണ്ഡലകാലമായതോടെ നിരന്തരം വാഹനങ്ങള്‍ പോകുന്ന പാതയിലാണ് അപകടം നടന്നത്. ഇതരസംസ്ഥാനക്കാരായ തീര്‍ഥാടകരുടെ വാഹനങ്ങള്‍ ശബരിമലയ്ക്ക് പോകുന്നത് ഈ പാത വഴിയാണ്.
മണ്ഡലകാലത്തിനു മുന്നോടിയായി പാതകളിലെ അപകടനിലയിലുള്ള മരങ്ങളും കൊമ്പുകളും നീക്കണമെന്ന് അവലോകനയോഗത്തില്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. അതാണ് അപകടകാരണമായത്.
District News
ചവറ : ചവറ ഉപജില്ല സ്കൂള്‍ കലോത്സവത്തിന് തുടക്കമായി. പ്രധാന വേദിയായ ഗവ. എച്ച്എസ്എസ് അയ്യന്‍കോയിക്കല്‍ സ്കൂളില്‍ ചവറ ഉപജില്ലാ ഓഫിസര്‍ ടി.കെ. അനിത പതാക ഉയര്‍ത്തി.
തുടര്‍ന്ന് തെക്കന്‍ ഗുരുവായൂര്‍ ക്ഷേത്ര മൈതാനത്തു നിന്ന് അയ്യന്‍കോയിക്കല്‍ സ്കൂളിലേക്കുള്ള ഘോഷയാത്ര നാടക രചയിതാവ് മണിലാല്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ഘോഷയാത്രയില്‍ വിവിധ സ്കൂളിലെ കുട്ടികളും ചവറ ബിആര്‍സിയുടെ കീഴില്‍ വരുന്ന ഭിന്നശേഷി കുട്ടികളും പങ്കെടുത്തു. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന് എംപി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് അധ്യക്ഷയായി. ഉല്ലാസ് കോവൂര്‍ എംഎല്‍എ കലാപീഠം തെളിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്. അരുണ്‍ബാബു മുഖ്യാതിഥിയായിരുന്നു.
കലോത്സവ വേദിയില്‍ ഒരുക്കിയിട്ടുള്ള ട്രോഫി കോര്‍ണര്‍ ഉദ്ഘാടനവും എന്‍.കെ. പ്രേമചന്ദ്രന് എംപി നിര്‍വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ രജനി സുനില്‍, വിജയശ്രീ മംഗളന്‍ എസ.് അനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദീപ ചന്ദ്രന്, ആര്. അരുണ്‍രാജ്, സ്വാഗതസംഘം ചെയര്മാന് പാലയ്ക്കല്‍ ഗോപന് എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി.കെ. അനിത സ്വാഗതവും, സ്വാഗതസംഘം കണ്‍വീനര്‍ ബിജു എം. ഡാനിയല്‍ നന്ദിയും പറഞ്ഞു.
എട്ടു വേദികളില്‍ നടക്കുന്ന കലോത്സവത്തില്‍ ഉപജില്ലയിലെ 64 സ്കൂളുകളില്‍ നിന്നായി 3214 കുട്ടികള്‍ പങ്കെടുക്കുന്നു. 25ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.
District News
കൊല്ലം: കൊട്ടാരക്കര സപ്ലൈകോ ഗോഡൗണിൽ അരിച്ചാക്കുകളിൽ കീടനാശിനി മിശ്രിതം തളിച്ചതായി പരാതി. കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപത്തെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം. അലൂമിനിയം ഫോസ്ഫൈഡും മാലത്തിയോണും ചേർന്ന മിശ്രിതമാണ് ഉപയോഗിച്ചത്.
അരി കേടാകാതിരിക്കാനായി വിഷമിശ്രിതം ഉപയോഗിച്ചെന്നാണു പരാതി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹ്യുമിഗേഷൻ നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കരാർ ജീവനക്കാരാണ് ഹ്യുമിഗേഷൻ നടത്തിയത്.
അരിയും മറ്റും സൂക്ഷിച്ചിട്ടുള്ള ചാക്കുകളുടെ ഇടയിൽ ഫോസ്ഫേറ്റ് ഗുളികകൾ പേപ്പറിൽ പൊതിഞ്ഞ് വച്ചതായും കണ്ടെത്തി. പരാതിയെ തുടർന്ന് സപ്ലൈകോ റീജണൽ മാനേജർ സ്ഥലത്തെത്തി. കൊട്ടാരക്കര പൊലീസ് എത്തി കീടനാശിയും പമ്പും കെമിക്കൽ സാധനങ്ങളും ഏജൻസിക്കാരുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഗോഡൗൺ പൂട്ടി സീൽ ചെയ്തു. തിരുവനന്തപുരം സോണൽ മാനേജരുടെ നേതൃത്വത്തിൽ ഇന്ന് പരിശോധന നടത്തും.
നേരത്തെ പഴകിയ അരി വൃത്തിയാക്കിയ സംഭവത്തിൽ വിഷാംശം കണ്ടെത്തിയത് 2021ൽ വിവാദമായിരുന്നു. 2017, 18 വർഷങ്ങളിൽ അരിച്ചാക്കുകൾ പുഴുവരിച്ച നിലയിലായിരുന്നു. കൂടാതെ 2000 ചാക്ക് പഴകിയ അരി വൃത്തിയാക്കാൻ സ്വകാര്യവ്യക്തിക്ക് കരാർ നൽകിയതും വിവാദമായിരുന്നു.
പെസ്റ്റ് കൺട്രോളറുടെ സാന്നിധ്യത്തിലാണ് ഹ്യുമിനേഷൻ നടത്തേണ്ടത്. എന്നാൽ ഇവിടെ കരാറെടുക്കുന്നവർ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെ ഹ്യുമിനേഷൻ നടത്തുന്നത് തുടരുകയായിരുന്നു.
District News
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണിന്റെ ആവേശകരമായ കലാശപ്പോരാട്ടം ഇന്ന് കൊല്ലം അഷ്ടമുടിക്കായലില്‍ നടക്കും.
2019ല്‍ ആരംഭിച്ച സിബിഎല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഫൈനല്‍ മത്സരഫലം ചാമ്പ്യന്‍പട്ടം നിർണയിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്. മുന്‍പത്തെ അഞ്ച് സീസണുകളിലും ഫൈനല്‍ പോരാട്ടത്തിന് മുന്‍പ് തന്നെ പോയിന്റ് നിലയില്‍ ചാന്പ്യന്മാർ ബഹുദൂരം മുന്നിലെത്തുമായിരുന്നു. എന്നാല്‍ ആറാം സീസണില്‍ 10 മത്സരങ്ങള്‍ പിന്നിടുമ്പോഴും ചാന്പ്യൻപട്ടം ആർക്കെന്ന കാര്യം പ്രവചനാതീതമായി തുടരുകയാണ്. അഷ്ടമുടിക്കായലിലെ ഓളപ്പരപ്പില്‍ അവസാന തുഴയെറിയുമ്പോള്‍ മാത്രമേ ആറാം സീസണിലെ ജേതാക്കള്‍ ആരെന്നറിയൂ.
നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 91 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേല്‍പ്പാടം ചുണ്ടന് ഒന്നാം സ്ഥാനത്തും 89 പോയിന്റുമായി കൊല്ലം പരവൂര്‍ അരോമ ബോട്ട് ക്ലബ് തുഴയുന്ന അരോമ ചുണ്ടന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തും 83 പോയിന്റുമായി യുബിസി കൈനകരി എഫ് സി തുഴയുന്ന വീയപുരം ചുണ്ടന് മൂന്നാം സ്ഥാനത്തുമാണ്. നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടന് 74 പോയിന്റുമായി നാലാം സ്ഥാനത്തും കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന പുണ്യാളന് നിരണം 49 പോയിന്റുമായി അഞ്ചാം സ്ഥാനത്തും എന്‍ബിസി നാട്ടകം ബോട്ട് ക്ലബ് തുഴയുന്ന ചെറുതന ചുണ്ടന് 48 പോയിന്റുമായി ആറാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നു.
പിബിസി പുന്നമട, എന്‍സിഎഫ്സി ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടന് 45 പോയിന്റോടെ ഏഴാം സ്ഥാനത്തും കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ് തുഴയുന്ന ആര്‍പ്പൂക്കര ചുണ്ടന് 42 പോയിന്റോടെ എട്ടാം സ്ഥാനത്തും വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന തലവടി ചുണ്ടന് 20 പോയിന്റോടെ ഒന്‍പതാം സ്ഥാനത്തുമാണുള്ളത്.
ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് സിബിഎല്‍ ഫൈനല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും എംപിയുമായ എന്‍. കെ. പ്രേമചന്ദ്രന് സമ്മാനദാനം നിര്‍വഹിക്കും.
കൊല്ലം മേയര്‍ എ.കെ. ഹഫീസ് പതാക ഉയര്‍ത്തും. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബ്ബിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.
ഇതിനുപുറമെ ഓരോ മത്സരവേദികളിലെയും വിജയികള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, ഒരു ലക്ഷം രൂപ വീതവും, പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ബോണസായി നാല് ലക്ഷം രൂപ വീതവും ടൂറിസം വകുപ്പ് നല്‍കുന്നുണ്ട്. സിബിഎല്‍ ഫൈനലിനോടനുബന്ധിച്ച് ഇരുട്ടുകുത്തി, തെക്കനോടി, വെപ്പ് തുടങ്ങിയ പ്രാദേശിക ചെറുവള്ളങ്ങളുടെ ആവേശകരമായ മത്സരങ്ങളും അഷ്ടമുടിക്കായലില്‍ അരങ്ങേറും. വള്ളംകളി പ്രേമികള്‍ക്ക് അവിസ്മരണീയമായ ദൃശ്യവിരുന്നൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് കൊല്ലത്ത് പൂര്‍ത്തിയായിരിക്കുന്നത്.
അഷ്ടമുടിക്കായല്‍ ശുചീകരിച്ചു
പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ ഭാഗമായി അഷ്ടമുടിക്കായല്‍ ശുചീകരിച്ചു. വള്ളംകളി നടക്കുന്ന കായല്‍ ഭാഗത്ത് സംഘടിപ്പിച്ച ശുചീകരണ യജ്ഞം വിഷ്ണു മോഹന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഡിടിപിസി, കോര്പറേഷന് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.
രാവിലെ 6.30ന് ആരംഭിച്ച ശുചീകരണ യജ്ഞം 10 വരെ നീണ്ടു. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങള്‍ കോര്പറേഷന് അധികൃതര്‍ നീക്കം ചെയ്തു.
ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
അഷ്്ടമുടിക്കായലിൽ നടക്കുന്ന 12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിലോടും അനുബന്ധിച്ച് കോര്പറേഷന് പരിധിയിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധക മല്ല.
District News
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാളിന് ഭക്തിനിർഭരമായി തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. സി. ജോൺ പോൾ തിരുനാൾ കൊടിയേറ്റ് കർമം നിർവഹിച്ചു.തുടർന്ന് ദിവ്യബലി നടന്നു. ഇന്ന് രാവിലെ 6ന് ആരാധന, തുടർന്ന് ദിവ്യബലി.
വൈകുന്നേരം 4.30ന് ജപമാല, ലിറ്റനി, ദിവ്യബലി, വേസ്പര, ദിവ്യകാരുണ്യ ആശീർവാദം.ഫാ. സേവ്യർ ലാസർ മുഖ്യകാർമികത്വം വഹിക്കും ഫാ. വർഗീസ് കപ്പൂച്ചൻ വചനപ്രഘോഷണം നിർവഹിക്കും.
നാളെ രാവിലെ ആറിന് ദിവ്യബലി.രാവിലെ 7.30ന് നടക്കുന്ന തിരുന്നാൾ ദിവ്യബലിയ്ക്ക് ഫാ. ജോർജ്ജ് കപ്പൂച്ചൻ മുഖ്യകാർമികത്വം വഹിക്കും.ഫാ.അലോഷ്യസ് വചനപ്രഘോഷണം നടത്തും. വൈകുന്നേരം നാലിന് ക്രിസ്തു രാജത്വ റാലി ദേവാലയത്തിൽനിന്നു ആരംഭിച്ച് ശങ്കരമംഗലം വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരും. കൊടിയിറക്കോടുകൂടി തിരുനാൾ സമാപിക്കും.
District News
നീണ്ടകര : സെന്റ് സെബാസ്റ്റ്യൻ ഫൊറോന ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളിന് കൊടിയേറി. ഇടവക വികാരിയും പ്രസിദേന്തി സെബാസ്റ്റ്യൻ ജോൺ, റീന സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് കൊടിയേറ്റ് കർമം നിർവഹിച്ചു.
പ്രാരംഭ കർമങ്ങൾക്ക് ഇടവക വികാരി ഫാ. റോൾഡൻ ജേക്കബ് നേതൃത്വം വഹിച്ചു. തില്ലേരി പാദ്രെ പിയോ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിനോയി ലീൻ മുഖ്യകാർമികത്വം വഹിച്ച തിരുനാൾ സമാരംഭ സമൂഹബലിയിൽ ഫാ. ജോസഫ് നിക്കോളാസ് ഒസിഡി വചനസന്ദേശം നൽകി.
ഇന്ന് വൈകുന്നേരം ആഘോഷമായ സായാഹ്ന പ്രാർഥനയ്ക്കും ബലിയർപ്പണത്തിനും ഫാ. ആന്റണി മേരി ക്ലാരറ്റ് ഒസിഡി, ഫാ. പ്രിൻസ് പിഎംഐ എന്നിവർ കാർമികത്വം വഹിക്കും. നാളെ രാവിലെ ഏഴിന് ക്രിസ്തുരാജ റാലി ദേവാലയത്തിൽനിന്നും ആരംഭിച്ച് സെന്റ് ജൂഡ് തീർഥാലയം വഴി തിരികെയെത്തും.
തുടർന്ന് ആഘോഷമായ തിരുനാൾ സമൂഹബലിക്ക് ഫാ. അരുൺ ആറാടൻ മുഖ്യകാർമികനാകും. ഫാ. ലൈജു ഒസിഡി വചനസന്ദേശം നൽകും. തുടർന്ന് തിരുനാൾ സ്നേഹവിരുന്ന്.
District News
കൊല്ലം: കൊട്ടിയത്ത് പ്രവർത്തിക്കുന്ന ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന അനന്തപുരി ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ടാർ മിക്സിംഗ് പ്ലാന്റിൽനിന്നുള്ള പുകയും വിഷാംശമുള്ള വാതകങ്ങളും മൂലം അധ്യാപകർക്കും സ്കൂളിലെ വിദ്യാർഥികൾക്കും സമീപവാസികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടു.
സ്കൂളിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് 200 അടിയിൽ താഴെ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന പുകക്കുഴൽ അനന്തപുരി ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റേതാണ്. ഈ സ്ഥാപനത്തിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട ടാർ മിക്സിംഗ് / ഹോട്ട് മിക്സ് അസ്ഫാൽറ്റ് ഉത്പാദന പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ബിറ്റുമിനസ് മക്കാഡം ബിറ്റുമിനസ് കോൺക്രീറ്റ് എന്നിവയുടെ നിർമാണത്തിനായി ബിറ്റുമിനും മറ്റ് അസംസ്കൃത വസ്തുക്കളും ഉയർന്ന താപനിലയിൽ ചൂടാക്കി മിശ്രണം ചെയ്യുന്ന പ്രക്രിയകൾ നടത്തിവരുന്നു.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ബിറ്റുമിൻ ചൂടാക്കുമ്പോഴും അസംസ്കൃത വസ്തുക്കൾ ഉണക്കുകയും മിശ്രണം ചെയ്യുകയും ചെയ്യുമ്പോഴും പുകയും വിവിധ രാസവാതകങ്ങളും സൂക്ഷ്മകണികകളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. ഇതാണ് പാരിസ്ഥിതിക പ്രശ്നത്തിനു കാരണമാകുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഇത്തരം മലിനീകരണ ഘടകങ്ങൾ അന്തരീക്ഷത്തിൽ കലരുകയും കാറ്റിലൂടെ സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമ്പോൾ കുട്ടികൾ, പ്രായമായവർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ എന്നിവരാണ് കൂടുതൽ അപകടസാധ്യത നേരിടുന്നതെന്നും പ്രത്യേകിച്ച് വളർച്ചയുടെ ഘട്ടത്തിലുള്ള ചെറിയ കുട്ടികളുടെ ശ്വാസകോശവും പ്രതിരോധ സംവിധാനവും ഇത്തരം മലിനീകരണങ്ങളോട് കൂടുതൽ സംവേദനക്ഷമമാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
അതിനാൽ സ്കൂൾ പോലുള്ള കുട്ടികൾ നിരന്തരം ഒത്തുചേരുന്ന സ്ഥാപനത്തിന് തൊട്ടടുത്ത് ഇത്തരമൊരു മലിനീകരണ ഉറവിടം പ്രവർത്തിക്കുന്നത് അതീവ അപകടകരമാണെന്നും അതിനാൽ, നിലവിലുള്ള സ്ഥലത്ത് ടാർ മിക്സിംഗ് പ്ലാന്റിന്റെ പ്രവർത്തനം തുടരാൻ അനുവദിക്കാതെ, പ്രസ്തുത പ്ലാന്റ് മറ്റൊരു അനുയോജ്യമായ സ്ഥലത്തേക്ക് സ്ഥിരമായി മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് സ്കൂൾ മാനേജ്മെന്റിന്റെയും ഈ പ്രദേശത്തെ ജനങ്ങളുടെയും പ്രധാന ആവശ്യമെന്നും സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ ഷിജി കുര്യൻ, അധ്യാപകരായ ജാക്സൺ ജോൺ ഫ്രാങ്കിളിൻ, ടി.ജെ. ദീപകുമാർ, രക്ഷിതാക്കളുടെ പ്രതിനിധിയായ അജയ് ചാക്കോ, ചൂരൽ പൊയ്ക പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി വൈ. ഗോസൻ, ഫാ.റോമൻസ് ആന്റണി എന്നിവർ പങ്കെടുത്തു.
District News
കൊല്ലം: ഇടയ്ക്കിടം-കല്ലാർ നിവാസികളുടെ യാത്രാദുരിതത്തിന് ഇനിയും പരിഹാരമായില്ല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തുടങ്ങിയ റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു. രണ്ടുകിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ കോൺക്രീറ്റും ടാറിംഗും ഉൾപ്പെടുന്നതായിരുന്നു നവീകരണ പദ്ധതി. ഇതിൽ 700 മീറ്ററോളം വരുന്ന ഭാഗത്തെ ടാറിംഗ് ജോലികളാണ് ഇനി അവശേഷിക്കുന്നത്.
കോൺക്രീറ്റ് പൂർത്തീകരിച്ചിട്ട് മാസങ്ങളായി. ടാറിന്റെ വിലയിലുണ്ടായ വർധന നിർമാണം പുനരാരംഭിക്കുന്നതിന് തടസമാകുന്നുണ്ട്. പദ്ധതിയിൽ ഒരു ബാരൽ ടാറിന് 7,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. എന്നാൽ നിലവിൽ ബാരലിന് 17,000 രൂപയാണ് വില. ക്രൂഡ് ഓയിലിന്റെ വിലവ്യതിയാനമാണ് ടാർവില കുതിച്ചുയരാൻ കാരണം.
അടങ്കൽ പരിഷ്കരിച്ചുനൽകിയാൽ ഉടൻ പണി പൂർത്തീകരിക്കുമെന്നാണ് കരാറുകാർ പറയുന്നത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മരാമത്ത് വിഭാഗത്തിനാണ് നിർവഹണച്ചുമതല. റോഡ് വർഷങ്ങളായി തകർന്നനിലയിലാണ്. പലയിടത്തും ടാറിന്റെ അംശംപോലുമില്ല. നിവേദനങ്ങൾനൽകി മടുത്ത നാട്ടുകാർ ഒട്ടേറെ സമരങ്ങൾ നടത്തിയശേഷമാണ് നവീകരണത്തിനു നടപടിയുണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കെ.എൻ. ബാലഗോപാൽ എംഎൽഎയുടെ വികസനഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. ആദ്യം വകയിരുത്തിയ തുക അപര്യാപ്തമായിരുന്നതിനാൽ പിന്നീട് വർധിപ്പിച്ചുനൽകി. ഇതേത്തുടർന്ന് അടങ്കൽ പരിഷ്കരിക്കാനും മറ്റും വീണ്ടും കാലതാമസം വന്നു. മുന്നൂർ ക്ഷേത്രത്തിനു സമീപത്തുനിന്നു തുടങ്ങി നടമേൽ ഭാഗത്തെത്തി പാങ്ങോട്-ശിവഗിരി പാതയുമായി ചേരുന്നതാണ് ഇടയ്ക്കിടം-കല്ലാർ റോഡ്. നവീകരണം അനന്തമായി അനിശ്ചിതത്വത്തിലായതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ.
District News
കൊല്ലം: കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തില്‍ അടയാളപ്പെടുത്തുന്ന ജടായു ശില്പത്തിന് ഇന്ത്യാ പോസ്റ്റ് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയത് ശില്പത്തിന്റെ ചരിത്രപ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കുമെന്നും ആഗോള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്.
ചടയമംഗലം ജടായു എര്‍ത്ത് സെന്റർ ഓപ്പണ്‍ ഹാളില്‍ നടന്ന തപാല്‍ കവര്‍ പ്രകാശന ചടങ്ങില്‍ തപാല്‍ കവര്‍ സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അമിതാബ് സിംഗ് മന്ത്രി പി.സി. വിഷ്ണുനാഥന് കവര്‍ നല്കി പ്രകാശനം നിര്‍വഹിച്ചു. ലോകവ്യാപകമായി ഏറെ ശ്രദ്ധ നേടിയ വിനോദ കേന്ദ്രമാണ് ജടായു പാറ. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം എന്ന നിലയില്‍ മാത്രമല്ല, നിര്‍മാണ രീതി കൊണ്ടും ശില്പഭംഗി കൊണ്ടും ധാരാളം പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.
പുതിയ ചലച്ചിത്രാവിഷ്കാരത്തിലൂടെ രാമായണത്തിലെ ജടായുവിന്റെ വീരത്യാഗം വീണ്ടും ദേശീയശ്രദ്ധ നേടുന്ന പശ്ചാത്തലത്തില്‍ ജടായുപ്പാറയുടെ ടൂറിസം സാധ്യത വര്‍ധിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസിന് പിന്നാലെ ജടായു എര്‍ത്ത് സെന്ററിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. ജടായുവിന്റെ പേരില്‍ തപാല്‍ കവര്‍ ഏര്‍പ്പെടുത്തിയതിന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനെ നന്ദി അറിയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജടായു ശില്പത്തിന്റെ മുന്നില്‍വെച്ച് കവര്‍ പ്രകാശനം നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജടായു ശില്പം പ്രകൃതിസൗന്ദര്യത്തിന്റെ ഭാഗമാണെന്നും ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അമിതാബ് സിംഗ് പറഞ്ഞു. ചടയമംഗലത്തെ പാറക്കെട്ടിന് മുകളില്‍ ശില്പി രാജീവ് അഞ്ചലും സംഘവും ഒരുക്കിയ കൂറ്റന്‍ ജടായു ശില്പം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ സവിശേഷ അടയാളമാണ്.
ചടങ്ങില്‍ ജടായു എര്‍ത്ത് സെന്റര്‍ ചെയര്മാന് രാജീവ് അഞ്ചല്‍ അധ്യക്ഷനായി. എം.എം. നസീര്‍ എംഎല്‍എ, കൊല്ലം പോസ്റ്റല്‍ ഡിവിഷന് സീനിയര്‍ സൂപ്രണ്ട് എം ബിന്ദു, കൊല്ലം ഡിവിഷന് എഎസ്പി എം.കെ. മഞ്ജു എന്നിവര്‍ പങ്കെടുത്തു.
District News
കൊല്ലം: ബംഗളൂരുവിൽനടന്ന ബിടിഎസി 2026 ദേശീയ സമ്മേളനത്തിൽ പൗൾട്രി സയൻസ് വിഭാഗത്തിൽ മികച്ച വനിതാ ഗവേഷണ പ്രബന്ധത്തിനുള്ള ദേശീയ അവാർഡ് ഡോ. സി.എസ്. സുജയ്ക്ക് സമ്മാനിച്ചു.
തലശേരി കോഴികളിലെ ജനിതക വൈവിധ്യവും സമ്പൂർണ ജീനോം സീക്വൻസിംഗും എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധത്തിനാണ് അവാർഡ്.
തിരുമുല്ലവാരം ജോയ് ഡെയിലില്‍ സെബാസ്റ്റ്യൻ- സെലിൻ ദമ്പതികളുടെ മകളായ സുജ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറാണ്. നാഗ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത് (എൻഐഓഎച്ച്) ലെ സയന്റിസ്റ്റ് ഡോ. ടി.ആർ. അരുണാണ് ഭർത്താവ്.
District News
പുനലൂർ: ചെങ്കോട്ട-പുനലൂർ പാതയുടെ പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള ട്രെയിൻ യാത്ര വീണ്ടും നീട്ടുന്നു. യാത്രക്കാരുടെ വലിയ ജനപ്രീതിയാണ് സർവീസ് നീട്ടാൻ വഴിയൊരുക്കിയത്. യാത്രക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും വലിയ സ്വീകാര്യത ലഭിച്ചതിനെ തുടർന്നാണ് ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവെ പാതയിലൂടെ സർവീസ് നടത്തുന്ന വിസ്റ്റാഡോം കോച്ചുകളുടെ സർവീസ് കാലാവധി നീട്ടിയത്.
നേരത്തെ 2027 ജനുവരി 15 വരെയായിരുന്നു വിസ്റ്റാഡോം കോച്ച് സർവീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന് ശേഷമുള്ള തീയതികളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് കൂടി ആരംഭിച്ചിട്ടുണ്ട്.
മധുര - ഗുരുവായൂർ എക്സ്പ്രസിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ഗുരുവായൂർ - മധുര എക്സ്പ്രസിൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലുമാണ് നിലവിൽ വിസ്റ്റാഡോം കോച്ച് സർവീസ് ലഭ്യമാക്കിയിട്ടുള്ളത്.
ചെങ്കോട്ട - പുനലൂർ റെയിൽവേ പാതയിലെ യാത്രയുടെ പ്രധാന ആകർഷണമായ പശ്ചിമഘട്ട മലനിരകളുടെയും ആര്യങ്കാവ്, തെന്മല പ്രദേശങ്ങളുടേയും പ്രകൃതിരമണീയമായ കാഴ്ചകൾ അടുത്തറിയാൻ വിസ്റ്റാഡോം കോച്ച് യാത്രക്കാർക്ക് അപൂർവ അവസരമാണ് ഒരുക്കുന്നത്. മലനിരകൾ, തുരങ്കങ്ങൾ, പാലങ്ങൾ, വനമേഖലകൾ, താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി പ്രകൃതിയുടെ വിസ്മയക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള യാത്ര വിനോദസഞ്ചാരികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
സർവീസ് ആരംഭിച്ചത് മുതൽ വിസ്റ്റാഡോം കോച്ചുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിക്കറ്റുകൾ ലഭ്യമല്ലാത്ത സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാരുടെ ഈ വലിയ ആവശ്യകതയാണ് സർവീസ് നീട്ടുന്നതിന് പ്രധാനമായും വഴിയൊരുക്കിയത്. വിസ്റ്റാഡോം കോച്ചുകളുടെ സർവീസ് നീട്ടിയതോടെ ചെങ്കോട്ട - പുനലൂർ - കൊല്ലം പാതയുടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ട്രെയിൻ യാത്രയ്ക്ക് കൂടുതൽ യാത്രക്കാർക്ക് വീണ്ടും അവസരം ലഭിക്കുകയാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽവെ യാത്രാനുഭവങ്ങളിലൊന്നായ ഈ സർവീസ് മേഖലയിലെ വിനോദസഞ്ചാര വികസനത്തിനും കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.