കൊല്ലം: വിദ്യാഭ്യാസത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും പേരിൽ അറിയപ്പെടുന്ന കൊല്ലം ജില്ലയിൽ മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം ഗുരുതരമായ സാമൂഹിക വിപത്തായി വളരുന്നു. 2026ൽ ഇതുവരെ പുറത്തുവന്ന പൊലിസ്, എക്സൈസ് റിപ്പോർട്ടുകളും വിവിധ ലഹരിവേട്ടകളുടെ വിവരങ്ങളും പരിശോധിക്കുമ്പോൾ എംഡിഎംഎ, കഞ്ചാവ്, മെത്താംഫെറ്റമിൻ, ലഹരിഗുളികകൾ തുടങ്ങിയവയുടെ കടത്തും വില്പനയും ജില്ലയിൽ സജീവമാണെന്ന് വ്യക്തമാകുന്നു.
യുവതലമുറയെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് ജില്ലയിൽ വേരുറപ്പിക്കാൻ ശ്രമിച്ച ലഹരി മാഫിയക്കെതിരേ ഈ വർഷം പൊലിസും എക്സൈസും ഡാൻസാഫ് സംഘവും ശക്തമായ പ്രഹരമാണ് ഏൽപ്പിച്ചത്. മുൻവർഷങ്ങളിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത നൂറുകണക്കിന് എൻഡിപിഎസ് കേസുകളുടെ തുടർച്ചയായി, 2026ലും കൊല്ലം സിറ്റി, റൂറൽ പൊലിസ് പരിധികളിലും എക്സൈസ് റേഞ്ചുകളിലും നിരവധി ലഹരി വേട്ടകളും അറസ്റ്റുകളും നടന്നു. ബംഗളൂരു അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽനിന്ന് സിന്തറ്റിക് മയക്കുമരുന്നുകളും കഞ്ചാവും കടത്തുന്ന വൻ ശൃംഖലകളെയാണ് ഈ വർഷം അന്വേഷണ ഏജൻസികൾ തകർത്തത്.
ജില്ലയിൽ മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും തടയാൻ പൊലിസും എക്സൈസും നടത്തുന്ന പരിശോധനകൾ 2026ലും തുടരുകയാണ്. സിന്തറ്റിക് ഡ്രഗ്സ്, പ്രത്യേകിച്ച് എംഡിഎംഎ, കൈവശം വെച്ചതിനും വില്പന നടത്തിയതിനുമെതിരേ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ജില്ലയിൽ മയക്കുമരുന്ന് വ്യാപനം തടയാൻ പൊലിസ്, എക്സൈസ്, ഡാൻസാഫ്, ഫോറസ്റ്റ്, റവന്യൂ തുടങ്ങിയ വകുപ്പുകൾ നടത്തുന്ന പരിശോധനകൾ ശക്തമാണെങ്കിലും അന്വേഷണത്തിന്റെ ഗുണനിലവാരം, തെളിവ് സംരക്ഷണം, കുറ്റപത്രം സമർപ്പിക്കൽ, കേസ് വിചാരണയിലേക്ക് എത്തിക്കൽ എന്നിവയിൽ ഗൗരവമായ വീഴ്ചകൾ വരുത്തി യിട്ടുണ്ട്.
വൻകിട കടത്തുകാരെയും ധനകാര്യ ശൃംഖലയെയും കോടതിയിൽ എത്തിക്കുന്നതിലുംകേസുകൾ തെളിയിക്കുന്നതിലുമുള്ള പരിമിതികൾ തുടരുന്നത് ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ദുർബലത വ്യക്തമാക്കുന്നു. റെയ്ഡുകളുടെ എണ്ണം, അറസ്റ്റുകൾ, കണ്ടുകെട്ടലുകൾ എന്നിവ നടപടിയുടെ വ്യാപ്തി കാണിക്കുന്നുണ്ടെങ്കിലും യഥാർഥ ഫലം കോടതി വിധികളിലും വിതരണശൃംഖലയുടെ തകർച്ചയിലുമാണ് അളക്കേണ്ടത്.
പ്രധാന എംഡിഎംഎ സിന്തറ്റിക് മയക്കുമരുന്നു വേട്ടകൾ
2026ൽ ജില്ലയിൽ ഏറ്റവും കൂടുതൽ പിടിക്കപ്പെട്ടത് മാരക രാസലഹരിയായ എംഡിഎംഎ ആണ്. ഒക്ടോബറിൽ പെരുമ്പുഴ സ്വദേശി ദുഷ്യന്ത് ഉൾപ്പെട്ട കേസിൽ 400 ഗ്രാമിലധികം എംഡിഎംഎ പിടികൂടിയത് ജില്ലയിലെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായിരുന്നു. കൊട്ടാരക്കരയിൽ 403 ഗ്രാം എംഡിഎംഎ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നവംബറിലും ഇടനിലക്കാരൻ അറസ്റ്റിലായി.
ഓഗസ്റ്റിൽ ബംഗളൂരുവിൽനിന്ന് ബസ് മാർഗം കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര സ്വദേശികളായ ബിപിൻ, അനന്തു, അതുൽ എന്നീ മൂന്ന് യുവാക്കളെ കൊട്ടാരക്കര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് റൂറൽ ഡാൻസാഫ് സംഘവും പൊലിസും ചേർന്ന് പിടികൂടി. വിപണിയിൽ ആറ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഓഗസ്റ്റ് 10ന് കുളത്തൂപ്പുഴ സ്വദേശിയായ നന്ദു (27) എന്നയാളെ ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയതിന്റെ പേരിൽ പൊലിസ് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരേ കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഏകദേശം 10 ക്രിമിനൽ കേസുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു. നവംബർ 15ന് കൊല്ലം സിറ്റി ഡാൻസാഫ് സംഘം മീയണ്ണൂരിലെ ഷാജിർ (39), നവാബ് (41) എന്നിവരെ എംഡിഎംഎ കൈവശം സൂക്ഷിച്ചതിന് അറസ്റ്റ് ചെയ്തു. നവംബർ 24ന് ചാത്തന്നൂർ എക്സൈസ് റേഞ്ച് ‘ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പള്ളിമുക്ക് സ്വദേശി സെയ്ദലി (27) എന്നയാളെ 2.5 ഗ്രാം എംഡിഎംഎയുമായി പിടികൂടി.
സെപ്റ്റംബറിൽ കൊല്ലം സിറ്റിയിലെ ഒരു സ്വകാര്യ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ 59 ഗ്രാം എംഡിഎംഎയുമായി കൊലക്കേസ് പ്രതിയടക്കം നാല് യുവാക്കൾ സിറ്റി ഡാൻസാഫിന്റെ പിടിയിലായി. കൂടാതെ, ജൂലൈയിൽ വീട്ടിൽ രഹസ്യമായി സൂക്ഷിച്ച് തൂക്കി വിൽപ്പന നടത്തിയിരുന്ന രണ്ട് നിറത്തിലുള്ള എംഡിഎംഎയും ഡിജിറ്റൽ ത്രാസുകളുമായി സംഘത്തെ ഡാൻസാഫ് പിടികൂടിയിരുന്നു. ഒക്ടോബറിൽ കണ്ണനല്ലൂർ പൊലിസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ കുളപ്പാടം സ്വദേശി അലിഫിനെ 14 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു. നവംബർ പകുതിയോടെ തട്ടാമല സ്വദേശിയായ യുവാവിൽ നിന്ന് 29 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു.
കൊല്ലം ജില്ലയിൽ 2025ൽ എക്സൈസ് വകുപ്പ് റിപ്പോർട്ട് ചെയ്ത 1,083 എൻഡിപിഎസ് കേസുകളിൽ 1,172 പേർ പ്രതികളായി; ഇവരിൽ 1,118 പേർ അറസ്റ്റിലായി. ഇത് ജില്ലയിൽ മയക്കുമരുന്ന് നിയന്ത്രണത്തിനായി നടത്തുന്ന പ്രവർത്തനത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു. എക്സൈസ് നടപടികൾക്ക് പുറമേ, സിന്തറ്റിക് ഡ്രഗ്സ് കൈവശം വെച്ചതും വിപണനം നടത്തിയതുമായ കേസുകൾ പൊലിസിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം സ്വദേശികൾ ജില്ലയ്ക്ക് പുറത്തുള്ള ഡ്രഗ് നെറ്റ്വർക്കുകളിലും ഉൾപ്പെടുന്നതായി നിരവധി കേസുകളുണ്ട്. നവംബർ 21ന് കോതമംഗലത്ത് രാസലഹരിയും കഞ്ചാവുമായി പിടിയിലായ നാല് പേരിൽ കടയ്ക്കൽ സ്വദേശിയായ മുസാമിൻ (20) ഉൾപ്പെടുന്നു. കൊല്ലം ട്രാൻസിറ്റ് ഹോമിൽ താമസിക്കുന്ന വിദേശികളിൽ ചിലർ എൻഡിപിഎസ് കേസുകളിൽ പ്രതികളാണെന്നും അടുത്തകാലത്ത് ഒരു നൈജീരിയൻ പൗരനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഈ സൗകര്യം വീണ്ടും ശ്രദ്ധയിൽപ്പെട്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പൊലിസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസും എക്സൈസ് നടപടികളും
എക്സൈസ് വകുപ്പും ജില്ലയിൽ ശക്തമായ പരിശോധനകളാണ് നടത്തിയത്. ഒക്ടോബറിൽ കരുനാഗപ്പള്ളി ആദിനാട് സ്വദേശിയും മുൻ പൊലിസ് ഡ്രൈവറുമായ ബക്കറിനെ 2.186 ഗ്രാം എംഡിഎംഎയും 21 ഗ്രാം കഞ്ചാവുമായി കരുനാഗപ്പള്ളി എക്സൈസ് സ്ക്വാഡ് വീട്ടിൽനിന്ന് പിടികൂടിയത് വലിയ വാർത്തയായിരുന്നു. മുമ്പ് 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലിസ് സേനയിൽനിന്ന് പുറത്താക്കപ്പെട്ട ഇയാൾ ഒളിവിൽ താമസിച്ച് ലഹരിവ്യാപാരം തുടരുകയായിരുന്നു. ജൂലൈയിൽ മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി മറ്റൊരു യുവാവിനെയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കടത്ത്
ഇതര സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുന്ന സംഘങ്ങളെയും പൊലിസ് നിരീക്ഷണത്തിലാക്കിയിരുന്നു. സെപ്റ്റംബർ അവസാനം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം റൂറൽ ഡാൻസാഫും ശാസ്താംകോട്ട പൊലിസും നടത്തിയ സംയുക്ത പരിശോധനയിൽ 2.100 കിലോഗ്രാം കഞ്ചാവുമായി വെള്ളിമൺ സ്വദേശി ഫൈസൽ (29), മുഹമ്മദ് കൈസ് (33) എന്നിവർ പിടിയിലായി.
ഒക്ടോബറിൽ പുനലൂർ റെയിൽവേ സ്റ്റേഷനിലും കഞ്ചാവ് വേട്ട നടന്നു. ഇതിനുപുറമെ, ഓഗസ്റ്റിൽ ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച കുളത്തൂപ്പുഴ സ്വദേശി നന്ദുവിനെ (27) പാറശാല പൊലിസും പിടികൂടിയിരുന്നു.
അന്വേഷണ ഏജൻസികളുടെ ജാഗ്രതവിദ്യാലയ പരിസരങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലോഡ്ജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സിറ്റി-റൂറൽ ഡാൻസാഫ് ടീമുകളും എക്സൈസ് സ്പെഷൽ സ്ക്വാഡുകളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചെറുകിട വിൽപ്പനക്കാരിൽനിന്ന് പണം പിരിച്ച് ബംഗളൂരു പോലുള്ള നഗരങ്ങളിൽനിന്ന് ലഹരി എത്തിക്കുന്ന മുഖ്യകണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് 2026ൽ പൊലിസിന് വലിയ നേട്ടമുണ്ടാക്കാൻ സഹായിച്ചത്. വരും ദിവസങ്ങളിലും ലഹരി മാഫിയയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ജില്ലാ പൊലിസ് മേധാവിമാരും എക്സൈസ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലയിലെ ലഹരിവിരുദ്ധ പ്രവർത്തനം റെയ്ഡുകളിൽനിന്ന് വ്യത്യസ്തമായ തലത്തിലേക്ക് മാറണം. കടത്തുകാരുടെ ധനകാര്യ ശൃംഖല, ഓൺലൈൻ വില്പന കണ്ണികൾ, അന്തർസംസ്ഥാന ബന്ധങ്ങൾ എന്നിവ ലക്ഷ്യംവെക്കുന്ന ഇന്റലിജൻസ്-അധിഷ്ഠിത അന്വേഷണം ആവശ്യമാണ്. അതോടൊപ്പം, സ്കൂൾ-കോളജ് പരിപാടികൾ, രക്ഷിതാക്കളുടെ പങ്കാളിത്തം, മയക്കുമരുന്നിന് അടിമകളാവുന്നവരുടെ പുനരധിവാസ സൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തിയാൽ മാത്രമേ കേസുകളുടെ എണ്ണത്തിന് പുറമേ ലക്ഷ്യമിടുന്ന യഥാർഥ ഫലം കൈവരിക്കാനാവൂ.
അന്വേഷണത്തിലെ പ്രധാന വീഴ്ചകൾ
- നടപടിക്രമ വീഴ്ചകൾ
എൻഡിപിഎസ് കേസുകളിൽ കണ്ടെത്തലിലും കണ്ടുകെട്ടലിലും കർക്കശമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് കേരള പോലീസ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യത്തിൽ കണ്ടെത്തൽ, പരിശോധനയുടെ ഓരോ വിശദാംശവും രേഖപ്പെടുത്തൽ, ശരിയായ സാമ്പിളിംഗ് എന്നിവ അനിവാര്യമാണ്. ഇത് പാലിക്കാതെ വന്നാൽ, കോടതിയിൽ തെളിവ് തള്ളപ്പെടാനും കുറ്റവാളികൾ കുറ്റവിമുക്തരാകാനും സാധ്യതയുണ്ട്.
2. തെളിവ് സംരക്ഷണത്തിലെ പരിമിതി
കണ്ടുകെട്ടിയ മയക്കുമരുന്നിന്റെ ഭാരം, സാമ്പിളിംഗ്, ഫോറൻസിക് പരിശോധന, സാക്ഷി മൊഴികൾ എന്നിവയിലെ ചെറിയ വീഴ്ചകൾ പോലും കേസിനെ ദുർബലമാക്കും. കേരളത്തിൽ ഒരു കോക്കയിൻ കേസിൽ കണ്ടെത്തലിലെ നടപടിക്രമ വീഴ്ചകളും സാക്ഷി മൊഴികളിലെ വൈരുധ്യവും ചൂണ്ടിക്കാട്ടി പ്രതികൾ ശിക്ഷിക്കപ്പെടാതിരുന്ന സംഭവം ഈ അപകടസാധ്യത വെളിപ്പെടുത്തുന്നു. ( നോട്ട്: നമ്മുടെ ആന്റണി രാജുവിന്റെ ജട്ടി കേസാണ് മനസിൽ. ഇങ്ങനെ പറഞ്ഞാൽ പോരെ ? കേസിന്റെ വിവരം പറയണ്ടല്ലോ)
3. വൻകിട കടത്തുകാരിലേക്കുള്ള എത്തിച്ചേരൽ
കൊല്ലം സ്വദേശിയെ ബംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്തിയതിന് അറസ്റ്റ് ചെയ്ത കേസ് അന്തർസംസ്ഥാന ശൃംഖലയുടെ സാന്നിധ്യം കാണിക്കുന്നു. ഇത്തരം കേസുകളിൽ പ്രാദേശിക അറസ്റ്റിന് അതീതമായി കടത്ത്, ധനമാർഗം, ഓൺലൈൻ വിൽപ്പന എന്നിവ വിചാരണയിലേക്ക് കൊണ്ടുവരാൻ ഇന്റലിജൻസ്, സൈബർ നിരീക്ഷണം, അന്തർജില്ലാ സഹകരണം ആവശ്യമാണ്.
4. ഓൺലൈൻ വിൽപനയുടെ വെല്ലുവിളി
സോഷ്യൽ മീഡിയ, എൻക്രിപ്റ്റഡ് ആശയവിനിമയം, ഡിജിറ്റൽ പണമിടപാട് എന്നിവ വഴിയുള്ള വിൽപന കണ്ടെത്താനുള്ള സാങ്കേതിക ശേഷി അന്വേഷണ സംഘങ്ങൾക്ക് പരിമിതമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത് വിതരണശൃംഖലയെ കണ്ടെത്താനുള്ള ശ്രമത്തെ ദുർബലമാക്കുന്നു.
5. കേസ് വിചാരണയിലേക്കുള്ള കാലതാമസം
അന്വേഷണം പൂർത്തിയായ കേസുകളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിന് കേരള ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
ഇത് മയക്കുമരുന്ന് കേസുകളിൽ നേരിട്ട് രേഖപ്പെടുത്തിയതല്ലെങ്കിലും അന്വേഷണ കാലതാമസം കോടതി നടപടികളെ ബാധിക്കുമെന്ന സാഹചര്യത്തെയാണ് കാണിക്കുന്നത്.
6. പുനരധിവാസത്തിന്റെ അപര്യാപ്തത
അറസ്റ്റും കോടതി നടപടിയും മാത്രം ഉപയോഗത്തെ തടയില്ല. മയക്കുമരുന്നിന് അടിമയാകുന്നവർക്ക് കൗൺസലിംഗ്, ചികിത്സ, വിദ്യാഭ്യാസ-തൊഴിൽ പിന്തുണ എന്നിവ ഒരുക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് ജനജാഗൃത സമിതികളിലൂടെയും സ്കൂൾ തലത്തിലെ പ്രവർത്തനങ്ങളിലൂടെയും ആന്റി ഡ്രഗ് കാമ്പെയ്ൻ ശക്തമായും കാര്യക്ഷമമായും നടത്തണം.