കൊട്ടിയം :എംഡിഎംഎയും ചരസുമായി മെന്‍സ് ഹോസ്റ്റല്‍ നടത്തിപ്പുകാരന് പിടിയില്‍.കണ്ണനല്ലൂര്‍ കാര്‍ത്തികയില്‍ ടോം(31) ആണ് കൊല്ലം സിറ്റി ഡാന്‍സാഫിന്റെ പിടിയിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എംഡിഎംഎ പിടികൂടിയ കേസില്‍ പ്രതിയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് 5.21 ഗ്രാം എംഡിഎംഎയും പതിനായിരം രൂപ മൂല്യമുള്ള ചരസും പിടിച്ചെടുത്തു. കൊല്ലം കരിക്കോട് ഭാഗങ്ങളിലെ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയാണ് പിടിച്ചെടുത്തത്.
ലഹരിഉപയോഗത്തിനായുള്ള വിവിധ ഉപകരണങ്ങളും പിടിച്ചെടുത്തു. ഗ്രാമിന് 6000 മുതല്‍ 7000 രൂപ വരെ നിരക്കിലായിരുന്നു ഇയാള്‍ എംഡിഎംഎ വ്യാപാരം നടത്തി വന്നിരുന്നത്. കരിക്കോട് ടികെഎം കോളജിനു സമീപം വികാസ് നഗറില്‍ മെന്‍സ് ഹോസ്റ്റല്‍ നടത്തിവരികയായിരുന്നു. കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അശ്വതി ജിജിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടോം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
2022ല്‍ 58 ഗ്രാം എംഡിഎംഎയുമായി ഇയാളെ കൊല്ലം ഈസ്റ്റ് പൊലിസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും ഇയാള്‍ ലഹരി വ്യാപാരം തുടരുന്നുണ്ടെന്ന വിവരമാണ് ഡാന്‍സാഫ് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച ഉച്ചയോടെ ഡാന്‍സാഫ് സംഘം ഇയാള്‍ നടത്തി വരുന്ന ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പിന്നീട് ഇയാളെ കിളികൊല്ലൂര്‍ പൊലിസിന് കൈമാറുകയും കേസ് എടുക്കുകയും ചെയ്തു.
കൊല്ലം എസിപി ഷാജിയുടെ നേതൃത്വത്തില്‍ എസ്ഐമാരായ ഗോപകുമാര്‍, സായിസേനന്‍, ബൈജു ജെറോം, ഹരിലാല്‍, എഎസ്ഐമാരായ സുനില്‍, സീനു, സജു, മനു, അനൂപ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ ഹോസ്റ്റലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.