കൊല്ലം: ആവശ്യമില്ലാതെ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ ആവശ്യത്തിന് ഉപകരിക്കാതാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. അനാവശ്യമായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിച്ചു ശീലിച്ചാല്‍ ബാക്ടീരിയ, വൈറസുകള്‍, ഫംഗസുകള്‍, പരാദങ്ങള്‍ എന്നിവയെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന മരുന്നുകളോട് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ ശരീരത്തിനുണ്ടാകും. ഈ അവസ്ഥയെ ആണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നു വിളിക്കുന്നത്.
അതിനാല്‍ ആന്റി ബയോട്ടിക്കുകള്‍ ഫലപ്രദമല്ലാതാകുകയും അണുബാധകള്‍ ചികിത്സിക്കാന്‍ കൂടുതല്‍ പ്രയാസകരമാകും. അതിലൂടെ ദീര്‍ഘകാലം നീണ്ടുനില്ക്കുന്നതും, ചെലവേറിയതുമായ ചികിത്സാ രീതികളിലേക്കു മാറാന്‍ ഇടയാക്കും. ഇത്തരം അവസ്ഥയില്‍ നിസാരമെന്ന് തോന്നാവുന്ന അണുബാധകള്‍ പോലും ജീവന് ഭീഷണിയായി മാറും.
ജലദോഷം, വൈറല്‍ പനി തുടങ്ങിയ വൈറസ് രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ഫലപ്രദമല്ല. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആന്റി ബയോട്ടിക് കോഴ്സ് പൂര്‍ത്തിയാക്കണം. ചികിത്സാ കോഴ്സ് പൂര്ത്തിയാക്കാതിരുന്നാലും അസുഖം ഭേദമായെന്ന് തോന്നുമ്പോള്‍ ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്നത് നിര്ത്തുന്നതുമൂലവുംസ്വയം ചികിത്സ കാരണവും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി ഉപയോഗിക്കുന്നത് കാരണവും
ആന്റി ബയോട്ടിക് ഉപയോഗിച്ചാല്‍ ശരീരം പ്രതികരിക്കാത്ത ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവസ്ഥയുണ്ടാകും.
വളര്‍ച്ചാ നിരക്ക് കൂട്ടുന്നതിനായി കോഴി, കന്നുകാലി, മത്സ്യ കൃഷി എന്നിവയില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലമോ, വെള്ളത്തിലും മണ്ണിലും ആന്റി ബയോട്ടിക് അവശിഷ്ടങ്ങള്‍ കലരുന്നത് മൂലമോ ശുചിത്വക്കുറവ് കാരണമോ മാലിന്യ സംസ്കരണത്തിലെ പോരായ്മ കാരണമോ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഉണ്ടാകാം. അതിനാല്‍ ഇവയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
വൈറല്‍ പനി, ജലദോഷം, ചുമ എന്നിവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടരുത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്. ഡോക്ടര്‍ നിര്‍ദേശിച്ച മുഴുവന്‍ കോഴ്സും പൂര്‍ത്തിയാക്കുക. മറ്റുള്ളവരുമായി ആന്റിബയോട്ടിക്കുകള്‍ പങ്കിടരുത്. വാക്സിനേഷന് എടുക്കുക, കൈകള്‍ വൃത്തിയായി കഴുകുക, സുരക്ഷിതമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുക, വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതിന് മൃഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് ഒഴിവാക്കുക, മൃഗഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.