അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തിലെ കരുകോണ്‍ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും പൈപ്പ് പൊട്ടല്‍ നിത്യസംഭവമായിട്ടും പരിഹാര നടപടികള്‍ സ്വീകരിക്കാതെ വാട്ടര്‍ അഥോറിറ്റി അധികൃതര്‍. മാസങ്ങളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകാത്തത് നാട്ടുകാരിലും വ്യാപാരികളിലും വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
കരുകോണ്‍ ജംഗ്ഷനിലെ പൈപ്പ് പൊട്ടലും വെള്ളം റോഡിലൂടെ ഒഴുകുന്നതും നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാണ് സൃഷ്ടിക്കുന്നത്. നിരവധി തവണ പരാതി അറിയിച്ചിട്ടും താല്‍ക്കാലികമായെങ്കിലും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രശ്നം അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചാല്‍ പോലും പലപ്പോഴും പ്രതികരിക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന പ്രഷര്‍ വാല്‍വില്‍ നിന്നാണ് ആദ്യം നിരന്തരമായി വെള്ളം ചോര്‍ന്നിരുന്നത്. ജലവിതരണത്തിനായി പമ്പിംഗ് നടത്തുമ്പോള്‍ വാല്‍വിലൂടെ വലിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുകി റോഡിലാകെ പരന്നിരുന്നു. ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് ഇത്തരത്തില്‍ പാഴായിരുന്നത്. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തെറിച്ചുകയറുന്നതും കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ബസ് കാത്തുനില്ക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും മേല്‍ പതിക്കുന്നതും പതിവായി.
തുടര്‍ച്ചയായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രഷര്‍ വാല്‍വ് ജംഗ്ഷനില്‍ നിന്ന് മാറ്റി മറ്റൊരു സ്ഥലത്ത് സ്ഥാപിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. പുതിയ സ്ഥലത്ത് വാല്‍വ് സ്ഥാപിച്ചതിനു പിന്നാലെ വീണ്ടും പൈപ്പ് പൊട്ടല്‍ ആരംഭിച്ചതോടെ അവിടെയും വാല്‍വ് അടച്ചിടേണ്ട സാഹചര്യമുണ്ടായി. ഇതോടെ കരുകോണ്‍ ജംഗ്ഷനില്‍ വീണ്ടും പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാന്‍ തുടങ്ങി. തുടര്‍ച്ചയായ ഈ ദുരിതത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിരിക്കുകയാണ്.
പൈപ്പ് പൊട്ടലും വെള്ളം പാഴാകുന്നതും സംബന്ധിച്ച് പലതവണ വാട്ടര്‍ അഥോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതാണ് പ്രതിഷേധം ശക്തമാക്കുന്നത്. നിലവാരമില്ലാത്ത പൈപ്പുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നതാണ് തുടര്‍ച്ചയായ തകരാറുകള്‍ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അറ്റകുറ്റപ്പണികള്‍ നടത്തി താത്കാലികമായ പ്രശ്നം പരിഹരിക്കുന്നതിനു പകരം പൈപ്പ് ലൈനുകളുടെ നിലവാരവും സംവിധാനത്തിന്റെ തകരാറുകളും പരിശോധിച്ച് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു ഭാഗത്ത് കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ മറുഭാഗത്ത് പൈപ്പ് പൊട്ടലിലൂടെ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത് അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയും നടപടി വൈകിക്കുകയും ജനങ്ങളുടെ ദുരിതം തുടരുകയും ചെയ്താല്‍ വാട്ടര്‍ അതോറിറ്റിക്കെതിരെ വിജിലന്‍സ് ഉള്‍പ്പടെയുള്ള അധികാര കേന്ദ്രങ്ങളില്‍ പരാതി നല്‍കാനാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും തീരുമാനം.