കൊട്ടാരക്കര: ആദ്യ വിവാഹം മറച്ചു വച്ച് വ്യാജസാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും വിവാഹം കഴിച്ചയാളെ കൊട്ടാരക്കര പൊലിസ് അറസ്റ്റ് ചെയ്തു.
എറണാകുളം കണയന്നൂര്‍, ചോറ്റാനിക്കര, എരുവേലി, കായംപള്ളി വീട്ടില്‍ ഇന്ദ്രജിത് ബാബു (32)ആണ് അറസ്റ്റില്‍ ആയത്. കൊട്ടാരക്കര വാളകം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ദ്രജിത്ത് ബാബുവിനെതിരേ പൊലിസ് കേസെടുത്തത്. മൂന്ന് വര്‍ഷം മുന്‍പ് ഇടുക്കി സ്വദേശിയായ യുവതിയെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിനുശേഷം ഈ ബന്ധം വേര്‍പിരിയുകയും ചെയ്തു. ഇതിന് ശേഷം ആയിരുന്നു വാളകം സ്വദേശിയുമായുള്ള വിവാഹം നടക്കുന്നത്. ആദ്യ വിവാഹത്തിന്റെ വിവരങ്ങള്‍ പെണ്കുട്ടിയോടോ ബന്ധുക്കളോടോ ഇന്ദ്രജിത്തും മാതാപിതാക്കളും അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ആദ്യവിവാഹം നടന്നിട്ടില്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായി വന്നു.
രണ്ടാം വിവാഹം കഴിക്കുന്നതിനായി ഇയാള്‍ കണയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെമ്പറിന്റെയും ലെറ്റര്‍ പാഡില്‍ വ്യാജ സത്യവാങ്മൂലം തയാറാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വര്‍ക്കല ശിവഗിരി മഠത്തില്‍ വച്ച് മാലയിടീലും തുടര്‍ന്ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ജൂലൈ ഏഴിന് വിവാഹവും നടന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം യോജിച്ചു പോകാത്തതിനെ തുടര്‍ന്ന് വാളകം സ്വദേശിയായ യുവതി കൊട്ടാരക്കര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മുന്‍പ് വിവാഹം കഴിച്ചതായും രണ്ടാം വിവാഹത്തിന് നല്‍കിയിരുന്ന രേഖകള്‍ വ്യാജമാണെന്നും മനസിലാക്കിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊട്ടാരക്കര. എസ്എച്ച്ഒ ഹേമെന്ത് മോഹന്‍ പറഞ്ഞു.