കൈപ്പുഴ: കൈപ്പുഴയിൽ കാറും ഓട്ടോയും ഇടിച്ച് അപകടം. ഇന്നലെ വൈ കുന്നേരം 5.15നാണ് അപകടം. കല്ലറ -കൈതക്കനാൽ റോഡിൽ കൈപ്പുഴ കുരിശു പള്ളി ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. പള്ളിത്താഴെ ഭാഗത്തുനിന്നു വന്ന ഓട്ടോയും കുരിശു പള്ളിഭാഗത്തുനിന്നും പള്ളിത്താഴെ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവർ അതിരമ്പുഴ സ്വദേശി ജോമോൻ (41) ന് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ അഘാതത്തെ തുടർന്ന് ഓട്ടോ സമീപത്തെ മതിലിലിടിച്ചാണ് നിന്നത്. ഓട്ടോയുടെ മുൻഭാഗം തകരുകയും മുൻ ചക്രം ഊരി തെറിക്കുകയും ചെയ്തു. കാറിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. കൈപ്പുഴ സ്വദേശിയുടെതാണ് കാർ. കാർ ഡ്രൈവർക്ക് പരിക്കേറ്റില്ല. ഗാന്ധിനഗർ പൊലിസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
കാറും ബസും കൂട്ടിയിടിച്ചു
മാലം: മാലം പാലത്തിന് സമീപത്ത് കാറും ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനു പരിക്കേറ്റു. പുത്തന്‍പറമ്പില്‍ ഷാമില്‍ ഹമീദിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 7.40നാണ് സംഭവം.
മണര്‍കാട് ഭാഗത്തുനിന്നും എത്തിയ ബസും എതിര് ദിശയില്‍ എത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റയാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.