കണമല: ശബരിമല തീർഥാടനത്തിനെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ലക്ഷ്യമിട്ട് വാറ്റുചാരായം വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലമുള വില്ലേജിൽ നാരാണംതോട് കൊന്നത്ത് വീട്ടിൽ വിനോദ് കുമാർ (46) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ഒമ്പതിന് നിലയ്ക്കൽ രണ്ടുതോട് പ്രദേശത്താണ് സംഭവം. പരിശോധനയിൽ അഞ്ച് പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന വാറ്റുചാരായം കണ്ടെത്തി. പൊലിസിനെ കണ്ട ഇയാൾ സഞ്ചിയിലുണ്ടായിരുന്ന വാറ്റുചാരായം ഉപേക്ഷിച്ച് വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു.
നിലയ്ക്കൽ പൊലിസ് സ്റ്റേഷൻ എസ്ഐ മിഥുൻ അശോക്, എഎസ്ഐ പ്രകാശ്, സീനിയർ സിപിഒമാരായ അഭിലാഷ്, സുരേഷ്, വിമൽ, ആന്റണി, രതീഷ്, സിപിഒ മാരായ സുജിത്, അനീഷ്, സച്ചിൻ, വിഷ്ണു, സുധി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പ്രതിയെ റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.