ചങ്ങനാശേരി: പ്രകൃതിയെയും പൊതുഭവനമായ ഭൂമിയെയും സംരക്ഷിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൗദാത്തോ സി എന്ന ചാക്രിക ലേഖനത്തെ ആസ്പദമാക്കി ചങ്ങനാശേരി അതിരൂപതാ 2027വര്‍ഷം ഹരിതസ്പര്‍ശം പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി തയാറാക്കിയ പദ്ധതിരേഖ പാറേല്‍ മര്‍ത്ത്മറിയം ബസിസിക്കയില് നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പ്രകാശനം ചെയ്തു. ചാസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പനക്കേഴം ഏറ്റുവാങ്ങി. സമ്മേളനമധ്യേ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പദ്ധതി വിശദീകരിച്ചു.
അതിരൂപതയുടെ മുഴുവന്‍ ഇടവകകളിലും ചാസ് മുഖേനയാണ് ഹരിതസ്പര്‍ശം പദ്ധതി നടപ്പാക്കുന്നത്. ഭൂമി നമ്മുടെ പൊതുഭവനം, ഭൂമിയെ സംരക്ഷിക്കുക ദരിദ്രരെ പരിഗണിക്കുക, ഭൂമി നമ്മുടേതുമാത്രമല്ല വരുംതലമുറകള്‍ക്കും അവകാശപ്പെട്ടതാണ്, കുറച്ച് ഉപയോഗിക്കുക, കൂടുതല്‍ സംരക്ഷിക്കുക എന്നീ അടിസ്ഥാന തത്വങ്ങള്‍ പദ്ധതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
പദ്ധതിയുടെ ആദ്യഘട്ടമായി സിമ്പോസിയങ്ങൾ, ഇടവകവൈദികര്ക്കും ടീച്ചിംഗ് ടീമിനുള്ള പരിശീലനങ്ങള്‍ എന്നിവ ആരംഭിച്ചിട്ടുണ്ട്. ഭൂമി പൊതുഭവനം എന്ന വിഷയത്തെ ആസ്പദമാക്കി ഇടവകതലങ്ങളില്‍ ക്ലാസുകൾ, കുടുംബങ്ങളില്‍ കൈപ്പുസ്തകങ്ങള്‍ എത്തിക്കുക, ഇടവകതലങ്ങളില്‍ പദ്ധതിരൂപീകരിക്കുക എന്നിവ നടപ്പാക്കും. പ്രധാനതോടുകൾ, കായല്‍, ജലാശയങ്ങള്‍, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍, അഴുക്കുചാലുകള്‍ തുടങ്ങിയവ കണ്ടെത്തും.
വാട്ടര്‍, വേസ്റ്റ്, പ്ലാസ്റ്റിക്, എനര്‍ജി, മഴവെള്ളസംഭരണം, വൃക്ഷങ്ങളും പച്ചപ്പും സംരക്ഷിക്കുന്നതിനും നട്ടുവളര്‍ത്തല്‍ തുടങ്ങിയവയ്ക്കായി പ്രത്യേക ടീമുകള്‍ സജ്ജമാക്കി ഇവയുടെ പരിപാലനം ഉറപ്പാക്കും.അടുത്ത ഘട്ടങ്ങളില്‍ സര്‍ക്കാർ, സര്‍ക്കാരിതര സംവിധാനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. കുട്ടനാട്ടിലെ ജലസ്രോതസുകള്‍ വൃത്തിയാക്കി സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.