തലയോലപ്പറമ്പ്: പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങളിൽ വെള്ളമെത്തിക്കുന്നതോടുകളിൽ കനത്ത തോതിൻ പുല്ലും പോളയും വളർന്ന് തിങ്ങി എക്കൽ അടിഞ്ഞതോടെ കൃഷിയിടത്തിൽ വെള്ളമെത്താതെ കൃഷി നശിക്കുമെന്ന ആശങ്കയിൽ കർഷകർ. തലയോലപ്പറമ്പിലെ 17 പാടശേഖരങ്ങളിലായി 1800 ഏക്കറിലാണ് നെൽകൃഷി നടക്കുന്നത്. ഇതിൽ പടിഞ്ഞാറൻ മേഖലയിൽ എട്ടു ബ്ലോക്കുകളിലായി 1000 ഏക്കറിലോളം നെൽകൃഷിയിലുണ്ട്.
അരഏക്കറും ഒരേക്കറുമൊക്കെ നിലമുള്ളവരാണ് കർഷകരിൽ ഭൂരിഭാഗവും. 15ദിവസം മുതൽ 50ദിവസം വരെ പ്രായമുള്ള നെൽകൃഷിയാണ് വെള്ളം കിട്ടാത്തതുമൂലം നാശത്തിന്റെ വക്കിലായത്.
മൂവാറ്റുപുഴയാറുമായി ബന്ധപ്പെട്ട കരികനാൽ തോട്, കരിയാറുമായി ബന്ധപ്പെട്ട പഴമ്പെട്ടി തോട്,ഇടക്കേരി - പൊന്നുരുക്കുംപാറ എന്നീ തോടുകളിലൂടെയാണ് പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങളിൽ വെള്ളമെത്തുന്നത്.
ഈ തോടുകളിൽ കനത്ത തോതിൽ പുല്ലു വളർന്ന് എക്കലടിഞ്ഞ് തോട് നികന്ന് മീതെ നടന്നു പോകാവുന്ന സ്ഥിതിയിലാണ്. തോടുകളിലെ തടസം നീക്കി വെള്ളമെത്തിച്ചില്ലെങ്കിൽ കൃഷി ഉണങ്ങി നശിക്കുമെന്ന് കർഷകർ പറയുന്നു.
124 ഏക്കർ വിസ്തൃതിയുള്ള പൊന്നുരുക്കുംപാറ, സമീപ പാടശേഖരങ്ങളായ 180ഏക്കർ വരുന്ന വടക്കേപുതുശേരി, 125ഏക്കർ വരുന്നനടുക്കരി, 95 ഏക്കർവരുന്നതെക്കേക്കരി, ആലങ്കേരി, മനയ്ക്കകരി തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം ശുദ്ധജലമെത്താത്തതിനാൽ കർഷകർ വലയുകയാണ്.
പാടവുമായി ബന്ധപ്പെട്ടതോടുകളിലെ നീരൊഴുക്കു പൂർണമായി തടസപ്പെടുന്നതോടെ ഭാവിയിൽ കൃഷിയിടത്തിൽ വെള്ളമെത്താത്ത സ്ഥിതിവന്ന് കൃഷി നടത്താനാകാത്ത സ്ഥിതിവരുമെന്ന ആശങ്കയും കർഷകർക്കുണ്ട്.
കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നതോടുകൾ മാലിന്യങ്ങൾ നീക്കി ആഴം കൂട്ടി നീരൊഴുക്ക് ശക്തമാക്കണമെന്ന് വിവിധ പാടശേഖര സമിതി ഭാരവാഹികളായ സണ്ണി ചരിയംകുന്നേൽ, പി.സി. പ്രസാദ്, എം. കെ. ബിജു, പി. എസ്. റോയി, ഇസഹാക്ക് മംഗലശേരി, പി.ആർ. പ്രസാദ്, സനൽമുറിയാറ്റ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
ശുദ്ധജലം ലഭിക്കാത്തത് കൃഷിനാശത്തിന് ഇടയാക്കും
പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന തോടുകൾ തെളിക്കാത്തതിനാൽ കെട്ടിക്കിടക്കുന്ന മലിനജലമാണ് പാടത്ത് കയറിയിറങ്ങുന്നത്. തോട് തെളിച്ച് നീരൊഴുക്ക് സാധ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
പി.സി.പ്രസാദ്, സെക്രട്ടറി, പൊന്നുരുക്കുംപാറ പാടശേഖര സമിതി.
കൃഷി അവസാനിപ്പിക്കാൻ കർഷകർ നിർബന്ധിതരാകും
ശുദ്ധജല ലഭ്യത ഇല്ലാത്തത് വിളവിൽ വലിയ കുറവുണ്ടാക്കുന്നു. കർഷകരുടെ അധ്വാനതതിന് ഫലമില്ലാതെ വരുന്ന സാഹചര്യത്തിൽ കൃഷിയിൽ നിന്ന് പിൻവാങ്ങാൻ കർഷകർ നിർബന്ധിതരാകും
സണ്ണിചരിയംകുന്നേൽ, സെക്രട്ടറി, വടക്കേപുതുശേരി പാടശേഖര സമിതി.