വൈക്കം: തുറവൂർ-പമ്പ ഹൈവേയുടെ ഭാഗമായ നേരേകടവ്- മാക്കേക്കടവ് പാലം തുറന്നതോടെ വീതി കുറഞ്ഞ നേരേകടവ്- ഉദയനാപുരം റോഡിൽ ടോറസടക്കമുള്ള ഭാരവണ്ടികളുടെ നിരന്തര ഓട്ടം വിദ്യാർഥി കളടക്കമുള്ള യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. വിദ്യാർഥികൾ രാവിലെ സ്കൂളിലേക്കു പോകുന്ന സമയത്തും വൈകുന്നേരം വീട്ടിലേക്കു മടങ്ങുന്ന സമയത്തും ഭാരവണ്ടികൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഉദയനാപുരം- നേരേകടവ് റോഡിൽ ഭാരവണ്ടികൾ നിർബാധം പായുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പൂർണമായി തകർന്ന് തരിപ്പണമായ റോഡ് വാഹന ഗതാഗതം പതിൻമടങ്ങായതോടെ റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതാണ് വാഹനങ്ങൾ അപകടപ്പെടുന്ന നിലയിലാണ്. റോഡിന് സമാന്തരമായി ഒന്നര കിലോമീറ്ററോളം നാട്ടു തോട് ഉള്ളത് അപകട ഭീതി വർധിപ്പിക്കുകയാണ്. വൈക്കത്തഷ്ടമി ഉത്സവം ആരംഭിച്ചതോടെ ഇതു വഴിയുള്ള വാഹന ഗതാഗതമേറിയിരിക്കുകയാണ്. ആളപായം ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ ഭാരവണ്ടികൾ സ്കൂൾ സമയത്ത് നിരോധിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.