കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക റാലിയും പൊതുസമ്മേളനവും നാളെ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിന് പേട്ട ഗവൺമെന്റ് സ്കൂളില്‍നിന്ന് ആരംഭിക്കുന്ന സാംസ്കാരിക റാലി സെന്റ് ഡൊമിനിക്സ് സ്കൂളില്‍ സമാപിക്കും. തുടർന്ന് സ്കൂളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അധ്യക്ഷത വഹിക്കും. പ്രഫ. റോണി കെ. ബേബി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരി ഡോ. മ്യൂസ് മേരി ജോര്‍ജ്, സിനിമാ നടന് ജോജി കെ. ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളായ പി. ജീരാജ്, തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും. ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വാര്‍ഡിനും പ്ലോട്ടുകള്‍ക്കും കാഷ് അവാര്‍ഡ് നല്‍കും.
സമ്മേളനത്തിനുശേഷം ലഹരിക്കെതിരേയുള്ള സാമൂഹിക സംഗീത നൃത്തനാടകവും നടത്തും. ദേശീയപാതയില്‍ സാംസ്കാരിക റാലി നടത്തുന്ന സമയങ്ങളില്‍ ബൈപാസ് റോഡുകള്‍ പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. മുണ്ടക്കയം, എരുമേലി ഭാഗത്തേക്കുള്ള ചെറുവാഹനങ്ങള്‍ കുന്നുംഭാഗത്തുനിന്ന് ടിബി റോഡിലൂടെ മണ്ണാറക്കയത്തെത്തി പട്ടിമറ്റം റോഡിലൂടെ എരുമേലി റോഡില്‍ പ്രവേശിച്ച് യാത്രചെയ്യാം.
ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുന്നുംഭാഗത്തുനിന്ന് സുഖോദയ റോഡിലൂടെയോ കത്തീഡ്രല്‍ പള്ളി റോഡിലൂടെയോ തമ്പലക്കാട് റോഡില്‍ പ്രവേശിച്ച് യാത്ര ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ പഞ്ചായത്തംഗങ്ങളായ ജോയി മുണ്ടാമ്പള്ളി, മനോജ് ജോസഫ്, കൊച്ചുറാണി, ചാക്കോച്ചന് ചുമപ്പുങ്കല്‍, ജോസഫ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.