ചങ്ങനാശേരി: ചങ്ങനാശേരിയില്‍ ഇന്നുമുതല്‍ കെഎസ്ആര്‍ടിസിയുടെ അഞ്ച് പുതിയ ടൗണ്‍ സര്‍വീസുകള്‍. പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനെ മതുമൂലയ്ക്കടുത്തുള്ള വേഴയ്ക്കാട്ടുചിറ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡുമായും ചങ്ങനാശേരി ബൈപാസും റെയില്‍വേ സ്റ്റേഷനുമായും ബന്ധിപ്പിച്ചാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. രാവിലെ എട്ടിന് ചമ്പക്കുളത്തുനിന്നും 8.05ന് പുളിങ്കുന്നില്നിന്നും ആരംഭിക്കുന്ന ഓര്‍ഡിനറി ബസുകള്‍ ചങ്ങനാശേരി ബസ് സ്റ്റാന്‍ഡിലൂടെ എസ്ബി കോളജുവഴി വേഴയ്ക്കാട്ടുചിറ ബസ് സ്റ്റാന്‍ഡില്‍ എത്തും.
ചമ്പക്കുളം സര്‍വീസ് ഒമ്പതിനും പുളിങ്കുന്ന് സര്‍വീസ് 9.10നും അവിടെനിന്നും തിരിച്ച് പെരുന്നയിലെത്തി സര്‍വീസ് തുടരും. ഉച്ചകഴിഞ്ഞ് 1.30ന് ചമ്പക്കുള്ളത്തുനിന്നും ആരംഭിക്കുന്ന മറ്റാരു ബസ് ചങ്ങനാശേരി ബസ് സ്റ്റാന്‍ഡിലൂടെ വേഴയ്ക്കാട്ട്ചിറ ബസ് സ്റ്റാന്‍ഡില്‍ എത്തി തിരികെപ്പോകും.പെരുന്ന, വേഴയ്ക്കാട്ടുചിറ, ബൈപാസ്, റെയില്‍വേ സ്റ്റേഷന് എസ്എച്ച് ജംഗ്ഷന് റൂട്ടില്‍ രാവിലെ 9.45ന് പെരുന്നയില്‍ നിന്നും ആരംഭിക്കുന്ന സര്‍ക്കുലര്‍ ബസ് സര്‍വീസ് ചങ്ങനാശേരി ബസ് സ്റ്റാന്‍ഡുവഴി വേഴയ്ക്കാട്ടു ബസ് സ്റ്റാന്‍ഡിലെത്തി മതുമൂല പാലാത്രച്ചിറ ബൈപാസില്‍ പ്രവേശിച്ച് എകെഎം സ്കൂൾ, റെയില്‍വേ ജംഗ്ഷന്, റെയില്‍വേ സ്റ്റേഷൻ, എസ്എച്ച്ജംഗ്ഷന് എന്നിവിടങ്ങളിലൂടെ ളായിക്കാട് ജംഗ്ഷനിലെത്തി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിക്കും. ഉച്ചകഴിഞ്ഞ് 3.30നും സമാനരീതില്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും.
കുട്ടനാട്ടിലെ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദംകുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും വരുന്ന വിദ്യാര്‍ഥികളും അധ്യാപകരും മറ്റിതര യാത്രക്കാരും പെരുന്ന ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി നടന്നും ഓട്ടോ പിടിച്ചുമാണ് നഗരത്തില്‍ എത്തിയിരുന്നത്. വേഴയ്ക്കാട്ടുചിറ സ്റ്റാന്‍ഡിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുന്നതിലൂടെ എസ്ബി, അസംപ്ഷൻ, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ കോളജുകൾ, സെന്റ് ജോസഫ്, വാഴപ്പള്ളി സെന്റ് തെരേസാസ്, വാഴപ്പള്ളി ഗവ.ഹൈസ്കൂൾ, സെന്റ് ആന്‍സ്, എസ്ബി, ഏകെഎം, എസ്എച്ച് സ്കൂളുകൾ, കത്തീഡ്രല്‍ പള്ളി, പാറേല്‍ ബസിലിക്ക, വേഴയ്ക്കാട്ട്, മോര്‍ക്കുളങ്ങര, വാഴപ്പള്ളി ക്ഷേത്രങ്ങൾ, എന്നിവിടങ്ങളില്‍ എത്തേണ്ടവര്‍ക്കും ഏറെ ഉപകാരപ്പെടും.