ചങ്ങനാശേരി: ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കൊളീജിയറ്റ് വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ കോളജ് ജേതാക്കളായി. രണ്ടു ദിവസങ്ങളിലായി ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ ടീമുകളെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സമ്പൂർണ വിജയത്തോടെയാണ് അസംപ്ഷൻ കോളജ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്.
ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച അസംപ്ഷൻ കോളജ്, അൽഫോൻസാ കോളജ് പാലാ (3-0), കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട (3-0), സെന്റ് സേവ്യേഴ്സ് കോളജ് ആലുവ (3-0) എന്നീ ടീമുകളെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്.
കർണാടകയിലെ ഹാസനിൽ നടന്ന അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞവർഷത്തെ അന്തർ സർവകലാശാല ജേതാക്കളായ എസ്ആർ എം യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി അസംപ്ഷൻ ചാമ്പ്യൻഷിപ് നേടിയിരുന്നു.
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന അസംപ്ഷൻ കോളജ് വോളിബോൾ അക്കാദമി കേരളത്തിലെ പ്രമുഖ വോളിബോൾ പരിശീലന കേന്ദ്രങ്ങളിലൊന്നാണ്.
നിലവിൽ കോളജിൽ പരിശീലനം നടത്തുന്ന നിരവധി താരങ്ങൾ ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ കേരളത്തെയും ഇന്ത്യയെയും പ്രതിനിധീകരിക്കുന്നവരാണ്.
ചാമ്പ്യൻഷിപ്പിലെ അസംപ്ഷൻ കോളജ് ടീമിന്റെ മികച്ച പ്രകടനത്തിന് പരിശീലകൻ നവാസ് വഹാബിനെയും ടീം അംഗങ്ങളെയും കോളജ് മാനേജ്മെന്റും പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസും അഭിനന്ദിച്ചു.