കോട്ടയം: സംസ്ഥാനത്തെ ക്ഷീരമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ സജീവ ഇടപെടല്‍ നടത്തിവരികയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ മില്‍മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്ഷീരമേഖല ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കാലിത്തീറ്റ സബ്സിഡി ഉള്‍പ്പടെയുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും കാലിത്തീറ്റവിലയിലെ തുടര്‍ച്ചയായ വര്‍ധന ക്ഷീരകര്‍ഷകരുടെ ഉത്പാദനച്ചെലവ് ഉയര്‍ത്തുകയും മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുന്നുണ്ട്. ഫലപ്രദമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണ്.
ഈ മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ക്ഷീരമേഖലയെ സുരക്ഷിതവും കാര്യക്ഷമവുമായി നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കാലോചിതമായ മാറ്റങ്ങള്‍ നടപ്പാക്കി കൂടുതല്‍ ചെറുപ്പക്കാരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മില്‍മയുടെ പുതിയ ഉത്പന്നങ്ങളായ സ്ട്രോബറി യോഗര്‍ട്ട്, ചോക്കലേറ്റ് യോഗര്‍ട്ട്, റെഡ് വെല്‍വെറ്റ് ഐസ്ക്രീം എന്നിവ മന്ത്രി ചടങ്ങില്‍ അവതരിപ്പിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മില്‍മ ചെയര്മാന് കെ.എസ്. മണി, കോട്ടയം നഗരസഭാ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, മില്‍മ എറണാകുളം മേഖലാ യൂണിയന് ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള, തിരുവനന്തപുരം മേഖലാ യൂണിയന് ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ്, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കോട്ടയം നഗരസഭാംഗം എസ്. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.