കോട്ടയം: നാഗമ്പടം നെഹ്റു സ്റ്റേഡിയം നവീകരണത്തിനൊരുങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, മഴക്കാലത്തെ വെള്ളക്കെട്ട് തുടങ്ങി നിരവധി അസൗകര്യങ്ങളുടെ നടുവിലുള്ള സ്റ്റേഡിയമാണ് പുനര്‍ നിര്‍മാണത്തിനൊരുങ്ങുന്നത്.
മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മൈതാനത്തിന്റെ ഉയരം കൂട്ടും. ഇതിനൊപ്പം ഡ്രെയിനേജ് സംവിധാനവും ഒരുക്കും. പവലിയനുകള്‍ എല്ലാം കാലപ്പഴക്കവും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവവും മൂലം നാശത്തിലാണ്. ഇവ പൊളിച്ചു പണിയും. സ്പോര്‍ട്സ് ആക്റ്റിവിറ്റികള്ക്കാവശ്യമായ ട്രാക്കുകളും ഒരുക്കേണ്ടതുണ്ട്.
നഗരസഭ അർബൻ ചലഞ്ച് ഫണ്ട് പദ്ധതിയിലൂടെയാണ് സ്റ്റേഡിയത്തിന്റെ നവീകരണം. ഇതിനുപുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ഫണ്ടുകൾ ലഭ്യമാക്കാനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്. സ്റ്റേഡിയം നവീകരണത്തിനായി കായികവകുപ്പിന്റെ 66 കോടി രൂപയുടെ പ്രൊജക്ട് സംസ്ഥാന സര്ക്കാരിന്റെപരിഗണനയിലുണ്ട്.
മികച്ച അടിസ്ഥാന സൗകര്യങ്ങളും വെള്ളക്കെട്ടും ഒഴിവാക്കി നെഹ്റു സ്റ്റേഡിയത്തെ ഏറ്റവും മികച്ച കായിക മൈതാനമാക്കി മാറ്റുന്നതിനാണ് തീരുമാനമെന്ന് കോട്ടയം നഗരസഭാ ചെയര്‍പേഴ്സൺ എം.പി. സന്തോഷ് കുമാര്‍ പറഞ്ഞു.
വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു മത്സരം
വര്‍ഷങ്ങള്‍ക്കുശേഷം നെഹ്റു സ്റ്റേഡിയം ഒരു ഫുട്ബോള്‍ മത്സരത്തിനായി ഒരുങ്ങുകയാണ്. ഡിസംബര്‍ 10ന് സംസ്ഥാന സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പാണ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്നുണ്ട്.