കോട്ടയം: നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്ക് കോട്ടയം നഗരസഭ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കുന്നു.
മാസങ്ങള്‍ക്കു മുമ്പു തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സമയക്രമം, ശുചിത്വ മാനദണ്ഡം, ലൈസന്‍സ് വ്യവസ്ഥകള്‍ എന്നിവയ്ക്കായിരുന്നു നഗരസഭ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നഗരത്തിലെ ഒട്ടുമിക്ക തട്ടുകടകളും ഫുട്പാത്ത് കൈയേറി കച്ചവടം നടത്തുന്നത് ഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. രാത്രി എട്ടു മുതല്‍ 12 വരെയാണ് തട്ടുകടകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം.
പക്ഷേ, പല കടകളും വൈകിട്ട് 6.30നു തന്നെ തുറക്കുകയും താമസിച്ച് അടയ്ക്കുകയും ചെയ്യുന്നത് പതിവാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെയും ഇവിടങ്ങളിലെ ശുചിത്വം സംബന്ധിച്ചു പരാതികള്‍ ഉയരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
തട്ടുകടകളിലെ പരിശോധന ആദ്യഘട്ടത്തില്‍ സോണുകള്‍ കേന്ദ്രീകരിച്ചാണ് ആരംഭിച്ചിരിക്കുന്നത്. പഴികയ എണ്ണ, മലിനജലം പൊതുനിരത്തില്‍ ഒഴുക്കിക്കളയല്‍, വൃത്തിഹീനമായ സാഹചര്യത്തിലെ പാചകം ഇവയും വലിയ പ്രശ്നമായി ഉയര്‍ന്നുവന്നിരുന്നു.
അതിനാല്‍, തട്ടുകടകളിലെ വൃത്തിയും മറ്റും ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകളും കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ തട്ടുകടയില്‍ മലിനജലം റോഡിലേക്കു ഒഴുക്കിവിട്ടത് അധികൃതര്‍ കണ്ടെത്തുകയും ഇവര്‍ക്കെതിരേ പിഴയീടാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കൃത്യമായി പലിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കില്ലെന്ന് നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ പറഞ്ഞു.