മുണ്ടക്കയം: കോസ്വേ പാലം കവലയിൽ ഇറിഗേഷൻ വകുപ്പിന്റെ നിർമാണംനിലച്ച വാട്ടർ ടാങ്ക് മാർഗ തടസമാകുന്നു. അവധി ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും മുണ്ടക്കയം ടൗണാകെ ഗതാഗത കുരുക്കിലാക്കുന്നത് മുണ്ടക്കയം കോസ്വേ പാലത്തിന് സമീപമുണ്ടാകുന്ന വാഹനത്തിരക്കാണ്.
കോരുത്തോട്, പുഞ്ചവയൽ, എരുമേലി ഭാഗത്തേക്കുള്ള വാഹനങ്ങളും പൈങ്ങനായിൽ നിന്ന് ബൈപ്പാസ് റോഡിലൂടെ എത്തുന്ന വാഹനങ്ങളും കോസ്വേ പാലത്തിലേക്ക് എത്തുന്നതോടെ ഇവിടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടാറുള്ളത്. ഈ ഭാഗത്തുണ്ടാകുന്ന ഗതാഗത കുരുക്ക് പലപ്പോഴും മുണ്ടക്കയം ടൗണിനെ പൂർണമായും നിശ്ചലമാക്കുന്ന അവസ്ഥയിലേക്ക് നീങ്ങാറുണ്ട്.
ബൈപ്പാസ് ആരംഭിക്കുന്ന കോസ്വേ പാലം ജംഗ്ഷനിൽ റോഡിന്റെ വീതി കൂട്ടി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചാൽ ഒരു പരിധിവരെ ഇതിന് പരിഹാമാകും. ഇതിന് ഏറ്റവും തടസമായി നിൽക്കുന്നത് കോസ് വേ പാലത്തിന്റെ തുടക്കത്തിൽ നിൽക്കുന്ന ഇറിഗേഷൻ വകുപ്പിന്റെ നിർമാണം നിലച്ച വാട്ടർ ടാങ്കാണ്. വർഷങ്ങൾക്കു മുമ്പ് മുണ്ടക്കയം ബൈപ്പാസ് റോഡിന്റെ നിർമാണം ആരംഭിക്കുന്നതിന് മുന്പേ മണിമലയാറ്റിലെ ജലനിരപ്പ് അളക്കുന്നതിനാണ് ഇറിഗേഷൻ വകുപ്പ് ഇവിടെ ടാങ്കും അനുബന്ധ സൗകര്യങ്ങളും സജീകരിച്ചിരുന്നത്.
ബൈപ്പാസ് റോഡിന്റെ നിർമാണം പൂർത്തിയായെങ്കിലും കോസ്വേ പാലത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന ടാങ്കും അനുബന്ധ സംവിധാനങ്ങളും മാറ്റുവാൻ ഇറിഗേഷൻ വകുപ്പ് തയാറായിരുന്നില്ല.
പിന്നീട് 2021ൽ ഉണ്ടായ മഹാപ്രളയത്തിൽ ഇത് പൂർണമായും തകർന്നു. വർഷങ്ങൾക്കു ശേഷം ടാങ്കിന്റെ നവീകരിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. ഇപ്പോൾ ഇവിടെ കോൺഗ്രീറ്റ് തറയ്ക്ക് മുകളിൽ പൊങ്ങിനിൽക്കുന്ന ഇരുമ്പ് കമ്പികൾ മാത്രമാണ് അവശേഷിക്കുന്നത്.
പാതിവഴിയിൽ നിർമാണം നിലച്ച ഈ വാട്ടർ ടാങ്കും അനുബന്ധ സൗകര്യങ്ങളും പൊളിച്ചു നീക്കി റോഡിന്റെ വീതി വർധിപ്പിച്ചാൽ കോസ് വേ പാലത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ ബൈപ്പാസിലേക്ക് തിരിയുവാൻ കഴിയും. ഇതോടെ ഇവിടെയുണ്ടാകുന്ന വലിയ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. കൂടാതെ കോസ്വേ പാലം മുതൽ ദേശീയപാതയിലേക്ക് കയറുന്നിടം വരെയുള്ള റോഡിന്റെ വശത്തെ വാഹന പാർക്കിംഗ് കൂടി ഒഴിവാക്കിയാൽ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു.