അതിരമ്പുഴ: ഞരളിക്കോട്ടിൽ വീട്ടിലെ ഇരട്ട സഹോദരന്മാർ ഇനി കേരള പൊലിസിലെ സബ് ഇൻസ്പെക്ടർമാർ. ഞരളിക്കോട്ടിൽ സണ്ണി-ഹെലൻ ദമ്പതികളുടെ മക്കളായ കിഷോർ സണ്ണിയും കിരൺ സണ്ണിയുമാണ് അതിരമ്പുഴ സ്വദേശികളായ ഇരട്ട സബ് ഇൻസ്പെക്ടർമാർ.
ഒന്നിച്ചു ജനിച്ചവർ നെയ്തെടുത്ത ജീവിത സ്വപ്നങ്ങളും ഒന്നായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ഒന്നിച്ചായിരുന്നെങ്കിലും എൻജിനിയറിംഗ് പഠനം രണ്ടു കോളജുകളിലായിരുന്നു. പക്ഷേ രണ്ടുപേരും ബിരുദമെടുത്തത് സിവിൽ എൻജിനിയറിംഗിൽ. പിന്നീട് കുറെക്കാലം ഇരുവരും സൈറ്റ് എൻജിനിയർമാരായി ജോലി ചെയ്തു.
പോലീസിൽ ചേരുകയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്നു രണ്ടു പേരും. അതിനായുള്ള കഠിനാധ്വാനത്തിനൊടുവിൽ കിഷോർ 31 -ാം ബാച്ചിലും കിരൺ 32-ാം ബാച്ചിലും പരിശീലനം പൂർത്തിയാക്കി.
കിഷോർ സണ്ണി കിടങ്ങൂർ പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഒയാണിപ്പോൾ. കിരൺ സണ്ണി ഇന്ന് തിരുവനന്തപുരം റേഞ്ചിൽ പ്രൊബേഷണൽ എസ്ഐ ആയി ചുമതലയേൽക്കും.
ഇരട്ട സഹോദരന്മാരുടെ അത്യപൂർവമായ നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ. എല്ലാവരും ഇരുവർക്കും അഭിനന്ദനവും ആശംസകളും അർപ്പിക്കുകയാണ്. ഇവർക്ക് ഇളയ ഒരു സഹോദരൻകൂടിയുണ്ട്-കിത്തു. സിഎംഎ കോഴ്സിൽ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ് കിത്തു.