കുറവിലങ്ങാട്: പോളിയോ രോഗത്തെ പൂർണമായും തുടച്ചുനീക്കുകയെന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും അഞ്ചുവയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് ഉറപ്പാക്കാൻ രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഒരു കുഞ്ഞുപോലും പോളിയോ പ്രതിരോധത്തിൽനിന്ന് വിട്ടുപോകരുതെന്നും ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ കടുത്തുരുത്തി നിയോജകമണ്ഡലതല ഉദ്ഘാടനം കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി, സിൻസി ജയ്സൺ, സി.ടി. രാജൻ, മിനി മത്തായി, രതീഷ് എണ്ണച്ചേരിൽ, സോണിയ തേനംമാക്കിൽ എന്നിവർ പ്രസംഗിച്ചു.
എച്ച്എംസി അംഗങ്ങളായ സനോജ് മിറ്റത്താനിയിൽ, അജോ അറയ്ക്കൽ, അപർണ ഗർവാസീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആഷിക്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു എസ്. നായർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കൊച്ചുറാണി, എം.എൽ.എസ്.പി അശ്വനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.