ചങ്ങരംകുളം: പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കാൻസർ നിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൾ മേഖലയിൽ ഉപയോഗിക്കുന്ന പല കീടനാശിനികളും വിവിധ രാജ്യങ്ങളിൽ നിരോധിച്ചവയാണെന്നും അനുവദനീയമായ അളവിൽ മാത്രം കീടനാശിനികൾ ഉപയോഗിക്കണമെന്നും എംഎൽഎ പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളജ്, തൃശൂർ ദയ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ബ്ലോക്ക് പ്രസിഡന്റ് റാണി ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി. വിനോദ്, ദയ ആശുപത്രി എംഡി ഡോ. വി.കെ. അബ്ദുൽ അസീസ്, ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ, സാബിറ ഷറഫുദ്ദീൻ, ടി.കെ. ഇസ്മായിൽ, ഹസീബ് കോക്കൂർ, പി.ടി. ഖാദർ, പി.പി. യൂസഫലി തുടങ്ങിയവർ പ്രസംഗിച്ചു. ബോധവൽക്കരണ ക്ലാസും നടത്തി.